വയനാട് ഭൂമി ഏറ്റെടുക്കൽ; എൽസ്റ്റൺ എസ്റ്റേറ്റ് കേസിൽ തടസ ഹർജിയുമായി സംസ്ഥാന സർക്കാർ

ഉരുൾപ്പൊട്ടൽ പുനരധിവാസവുമായി ബന്ധപ്പെട്ട എൽസ്റ്റൺ എസ്റ്റേറ്റ് കേസിൽ സുപ്രിം കോടതിയിൽ തടസ ഹർജിയുമായി സംസ്ഥാന സർക്കാർ. എൽസ്റ്റൺ എസ്റ്റേറ്റിലെ 64 ഹെക്ടർ ഭൂമി ഏറ്റെടുക്കാൻ അനുമതി നൽകിയ ഹൈക്കോടതി തീരുമാനത്തിനെതിരെ ഉടമകൾ സുപ്രീം കോടതിയെ സമീപിക്കാനിരിക്കെയാണ് നീക്കം. ഹൈക്കോടതി വിധിയിൽ ഇടക്കാല ഉത്തരവ് പുറപ്പിവിക്കുന്നതിന് മുമ്പ് വാദം കേൾക്കണമെന്നാണ് ആവശ്യം.

മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിനായി എൽസ്റ്റൺ എസ്റ്റേറ്റിന്റെ ഭൂമി ഏറ്റെടുക്കുന്നതിൽ തടസമില്ലെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. ഇതിനായി 17 കോടി രൂപ ഹൈക്കോടതി രജിസ്ട്രിയിൽ അധികം കെട്ടിവെക്കണമെന്ന് സർക്കാരിനോട് നിർദേശിച്ചിരുന്നു. മുണ്ടക്കൈ-ചൂരൽമല പുനരധിവാസവുമായി ബന്ധപ്പെട്ട നഷ്ടപരിഹാരതുകയിൽ എൽസ്റ്റൺ എസ്റ്റേറ്റ് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി വിധി വന്നത്. ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിന്റേതാണ് ഉത്തരവ്. ഇടക്കാല സംവിധാനമെന്നുള്ള രീതിയിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

നേരത്തെ നിശ്ചയിച്ച 26 കോടി രൂപയ്ക്ക് പുറമേയാണ് 17 കോടി രൂപ കൂടി നൽകേണ്ടത്. എൽസ്റ്റൺ എസ്റ്റേറ്റും ഹാരിസൺസ് കമ്പനിയും നൽകിയ ഹർജി ഫയലിൽ സ്വീകരിച്ചു. സുപ്രീം കോടതിയെ സമീപിക്കുമെന്നും ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് ഹർജി നൽകുമെന്നും എൽസ്റ്റൺ എസ്റ്റേറ്റ് അറിയിച്ചു.

അതേസമയം, 549 കോടി രൂപ നഷ്ടപരിഹാരമായി വേണമെന്നതായിരുന്നു എസ്റ്റേറ്റിന്റെ ആവശ്യം. സർക്കാർ നിശ്ചയിച്ച തുക അപര്യാപ്തമാണെന്നും എസ്റ്റേറ്റ് ഉടമ കോടതിയെ അറിയിച്ചിരുന്നു. സ്ഥലത്തിന്റെ ശരിയായ വിലയല്ല ഉദ്യോഗസ്ഥർ രേഖപ്പെടുത്തിയതെന്നും എസ്റ്റേറ്റ് അധികൃതർ പറഞ്ഞിരുന്നു. എന്നാൽ ഇത്രയധികം രൂപ വളരെ കൂടുതലാണെന്നും ന്യായവില നിർണയവുമായി ബന്ധപ്പെട്ടാണ് തങ്ങൾ പണം നല്കുന്നതെന്നുമാണ് സർക്കാർ അറിയിച്ചിരുന്നത്. ഇതിനായി 26 കോടി രൂപ നേരെത്തെ നീക്കി വെച്ചിരുന്നു. എന്നാൽ ന്യായ വിലയിൽ മാറ്റം വന്നതോടെ ഈ തുക 49 കോടി രൂപയായി മാറിയെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*