
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച് സംസ്ഥാന സർക്കാർ നിയമപരിശോധന തുടങ്ങി. സുപ്രീംകോടതിയെ സമീപിക്കാനാണ് സർക്കാരിൻ്റെ തീരുമാനം. നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ പറഞ്ഞിരുന്നു. ഇന്നലെയാണ് പൗരത്വ ഭേദഗതി നിയമം രാജ്യത്ത് പ്രാബല്യത്തിൽ വന്നത്. ഇതിനെ എങ്ങനെ മറികടക്കാമെന്ന ആലോചനയിലാണ് ഇപ്പോൾ സംസ്ഥാന സർക്കാർ. നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ മുസ്ലീം ലീഗും തീരുമാനിച്ചിട്ടുണ്ട്. വിജ്ഞാപനം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇന്ന് ഹർജി നൽകും.
അതേസമയം, പൗരത്വ ഭേദഗതിക്കെതിരെ നിയമപോരാട്ടത്തിന് ഡിവൈഎഫ്ഐയും തയ്യാറെടുക്കുകയാണ്. ഡിവൈഎഫ്ഐ വലിയ രീതിയിലുള്ള പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും നിയമ വിദഗ്ധരുമായി ചർച്ച ചെയ്ത് സുപ്രീം കോടതിയെ സമീപിക്കുമെന്നും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം പറഞ്ഞു. പൗരത്വ ഭേദഗതി ചട്ടങ്ങൾ നിലവിൽ വന്നത് ഭരണഘടന തത്വങ്ങളോടുള്ള വെല്ലുവിളിയാണ്. പൗരത്വത്തിനു മതം മാനദണ്ഡമാകുന്നു എന്നതാണ് പ്രതിഷേധത്തിന് കാരണം. അത് മതേതരത്വത്തെ തകർക്കും. വംശീയ റിപ്പബ്ലിക്കിലേക്ക് ഇന്ത്യയെ കൊണ്ടുപോകാനുള്ള ശ്രമമാണിത്. രാഷ്ട്രീയ യുദ്ധത്തിനൊപ്പം നിയമ പോരാട്ടത്തിലേക്ക് ഡിവൈഎഫ്ഐ കടക്കും.
Be the first to comment