തൊഴിൽ നികുതി കൂട്ടി സംസ്ഥാന സർക്കാർ; ഉയർത്തിയത് ഇരട്ടിയിലധികം

തൊഴിൽ നികുതി കൂട്ടി സംസ്ഥാന സർക്കാർ. ആറാം സംസ്ഥാന ധനകാര്യ കമ്മീഷൻ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നികുതി ഉയർത്തിയത്. കുറഞ്ഞ ശമ്പളം ഉള്ളവർക്ക് നികുതി ഭാരം കൂടുന്ന തരത്തിലാണ് പുതിയ നികുതി പരിഷ്കരണം. തദ്ദേശ സ്ഥാപനങ്ങളിലെ അർദ്ധ വാർഷിക തൊഴിൽ നികുതി ഇരട്ടിയിലധികം ഉയർത്തിയിട്ടുണ്ട്. ഗ്രാമ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും തൊഴിൽ നികുതി സ്ലാബുകൾ പരിഷ്കരിച്ച് സർക്കാർ പട്ടിക പുറത്തിറക്കി. പരിഷ്കരിച്ച തൊഴിൽ നിരക്കുകൾ 2024 ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരും.

ആറ് മാസത്തെ ശമ്പളം അടിസ്ഥാനമാക്കിയാണ് തൊഴിൽ നികുതി ഈടാക്കുന്നത്. 6 മാസത്തെ ശമ്പളം 11,999 വരെ ഉള്ളവർക്ക് തൊഴിൽ നികുതി നിരക്കിൽ മാറ്റമില്ല. 12,000 മുതൽ 17,999 വരെ ശമ്പളം ഉള്ളവരുടെ നികുതി നിരക്ക് 120 രൂപ ഉള്ളത് 320 രൂപ ആയി ഉയർത്തിയിട്ടുണ്ട്. 18,000 മുതൽ 29,999 ഉള്ളവരുടെ പുതിയ നികുതി 450 രൂപയാണ്. നേരത്തെ ഈ നികുതി 180 രൂപയായിരുന്നു.

30,000 മുതൽ 44,999 വരെ ശമ്പളം ഉള്ള ആളുകളുടെ തൊഴിൽ നികുതി ഇനി മുതൽ 600 രൂപയാണ്. നേരത്തെ 300 രൂപയായിരുന്ന ഇത് ഇരട്ടിയായാണ് വർധിച്ചത്. 45,000 മുതൽ 99,999 വരെ ഉള്ളവരുടെ പുതിയ നികുതി 750 രൂപയാണ്. നേരത്തെ ഇത് 450, 600, 750 നിരക്കിലായിരുന്നു.

1,00,000 മുതൽ 1,24,999 വരെ ഉള്ളവർക്കും 1,25,000 വരെ ഉള്ളവർക്കും തൊഴിൽ നികുതിയിൽ മാറ്റമില്ല. യഥാക്രമം 1000 രൂപയും 1250 രൂപയും ആണ് ഇവരുടെ തൊഴിൽ നികുതി.ഓരോ സാമ്പത്തികവർഷവും രണ്ട് തവണ ആയാണ് സർക്കാർ ഉദ്യോഗസ്ഥരിൽ നിന്നും അംഗീകൃത തൊഴിലാളികളിൽ നിന്നും തൊഴിൽ നികുതി സ്വീകരിക്കുക. നികുതിപിരിക്കുന്നതിനുള്ള അധികാരം തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾക്കാണ്.

Be the first to comment

Leave a Reply

Your email address will not be published.


*