സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പ്: വിജയിച്ച പ്രതിനിധികൾ ജൂൺ 20 നകം സ്വത്ത് വിവരങ്ങൾ സമർപ്പിക്കണം

സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിൽ 2020 ലെ പൊതുതിരഞ്ഞെടുപ്പിൽ വിജയിച്ച പ്രതിനിധികൾ ജൂൺ 20 നകം സ്വത്തുക്കളുടെയും ബാധ്യതകളുടെയും സ്റ്റേറ്റ്‌മെന്റ് അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥർക്ക് സമർപ്പിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. അംഗത്തിന്റെയും കുടുംബത്തിലെ അംഗങ്ങളുടെയും സ്വത്തുക്കളുടെയും ബാധ്യതകളുടെയും സ്റ്റേറ്റ്‌മെന്റാണ് നൽകേണ്ടത്. ഇത് സംബന്ധിച്ച സർക്കുലറും ഫോമുകളും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിലും (sec.kerala.gov.in) തദ്ദേശസ്വയംഭരണ വകുപ്പിന്റെ വെബ്‌സൈറ്റിലും (lsgkerala.gov.in) ലഭ്യമാണ്.

സംസ്ഥാനത്താകെ 1200 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലായി 21,900 തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളാണുള്ളത്.

സത്യപ്രതിജ്ഞാ തീയതി മുതൽ 30 മാസത്തിനകം സ്റ്റേറ്റ്‌മെന്റ് അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥർക്ക് സമർപ്പിക്കണമെന്നാണ് നിയമം. പൊതുതിരഞ്ഞെടുപ്പിൽ വിജയിച്ചവർ 2020 ഡിസംബർ 21 നാണ് സത്യപ്രതിജ്ഞ ചെയ്തിരുന്നത്. അതിനാൽ സ്റ്റേറ്റ്‌മെന്റ് നൽകേണ്ട മുപ്പത് മാസക്കാലയളവ് ജൂൺ 20 ന് അവസാനിക്കും.

അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥരായി തദ്ദേശ സ്വയംഭരണ വകുപ്പിലെ അർബൻ ഡയറക്ടറെ കോർപ്പറേഷൻ, മുനിസിപ്പാലിറ്റികൾക്കും റൂറൽ ഡയറക്ടറെ ജില്ലാ പഞ്ചായത്തുകൾക്കും ജില്ലാ ജോയിന്റ് ഡയറക്ടറെ ബ്ലോക്ക് പഞ്ചായത്തുകൾക്കും ഡെപ്യൂട്ടി ഡയറക്ടറെ ഗ്രാമപഞ്ചായത്തുകൾക്കുമായി സർക്കാർ ചുമതലപ്പെടുത്തി.സ്റ്റേറ്റ്‌മെന്റ് നൽകാത്തവർ ജൂൺ 20 നകം നൽകേണ്ടതാണെന്ന വിവരം അംഗങ്ങളുടെയും കൗൺസിലർമാരുടെയും ശ്രദ്ധയിൽ കൊണ്ടുവരാൻ തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കും നിർദേശം നൽകിയിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*