
തിരുവനന്തപുരം: പൊലീസ് ജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് സംസ്ഥാന പൊലീസ് മേധാവി ഷെയ്ക്ക് ദർവേസ് സാഹിബ്. ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് ഇപ്പോൾ വീണ്ടും സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്. പരിശീലന കാലത്ത് മാന്യമായി പെരുമാറാനുള്ള ബോധവത്ക്കരണം നടത്തണമെന്നും പൊലീസ് പ്രവർത്തനത്തിന്റെ ഓഡിയോ വീഡിയോ പൊതുജനങ്ങൾ പകർത്തിയാൽ തടയേണ്ടതില്ലെന്നും സർക്കുലറിലുണ്ട്. പൊലീസ് സേനാംഗങ്ങൾ പൊതുജനങ്ങളുമായി ഇടപെടുമ്പോൾ പാലിക്കേണ്ട മര്യാദയെക്കുറിച്ച് വിവിധ സർക്കുലറുകളിൽ പരാമർശിച്ചിട്ടുണ്ടെങ്കിലും ഇത് പാലിക്കപ്പെടുന്നില്ലെന്ന് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നാണ് ഡിജിപി ഉത്തരവിൽ വ്യക്തമാക്കുന്നത്.
വിവിധ ആവശ്യങ്ങൾക്കായി സ്റ്റേഷനിൽ എത്തുന്ന പൊതുജനങ്ങളോട് ചില പൊലീസ് ഉദ്യോഗസ്ഥർ മാന്യതയ്ക്കും അന്തസ്സിനും നിരക്കാത്ത രീതിയിൽ അഭിസംബോധന ചെയ്യുന്നതായും അധിക്ഷേപത്തോടെയോ അല്ലെങ്കിൽ സഭ്യതയില്ലാതെയോ സംസാരിക്കുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും സർക്കുലറിൽ പറയുന്നുണ്ട്. അടുത്തിടെ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടായ മോശം പെരുമാറ്റത്തിൽ ഹൈക്കോടതി ഇടപെട്ടിരുന്നു. പാലക്കാട് ആലത്തൂരിൽ അഭിഭാഷകനും എസ്ഐയും തമ്മിലുള്ള വാഗ്വാദത്തിന്റെ വീഡിയോയും പ്രചരിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് പൊലീസുകാരുടെ പെരുമാറ്റവുമായി ബന്ധപ്പെട്ട് സർക്കുലർ ഇറക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചത്.
എല്ലാ ഉദ്യോഗസ്ഥരും ജനങ്ങളോട് മാന്യമായി പെരുമാറാൻ ബാധ്യസ്ഥരാണെന്നും സഭ്യമായ പദപ്രയോഗങ്ങൾ ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഡിജിപിയുടെ സർക്കുലറിൽ വ്യക്തമാക്കുന്നുണ്ട്. മാന്യമായ പെരുമാറ്റം സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിമാർ ബോധവത്കരണ ക്ലാസുകൾ നടത്തണം. പൊലീസ് ഉദ്യോഗസ്ഥരുടെ പൊതുജനങ്ങളോടുള്ള പെരുമാറ്റം നിരീക്ഷിക്കണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കേണ്ടതുമാണെന്നും സർക്കുലറിലുണ്ട്.
Be the first to comment