കോഴിക്കോട്: അറുപത്തിയൊന്നാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ആതിഥേയരായ കോഴിക്കോടിന് കീരീടം. 945 പോയിന്‍റ് നേടിയാണ് സ്വന്തം തട്ടകത്തിൽ കോഴിക്കോട് കലാകിരീടം തിരിച്ചുപിടിച്ചത്. ഇത് 20-ാം തവണയാണ് കോഴിക്കോട് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ജേതാക്കളാകുന്നത്. രണ്ടാം സ്ഥാനം പാലക്കാടും കണ്ണൂരും പങ്കിടുകയാണ്. ഇരു ജില്ലകൾക്കും 925 പോയിൻ്റ് വീതമുണ്ട്. 907 പോയിൻ്റുമായി തൃശൂർ മൂന്നാമതും 871 പോയിൻ്റുമായി എറണാകുളം നാലാതുമാണ്.
പതിവുപോലെ പാലക്കാട് ആലത്തൂരിലെ ഗുരുകുലം ഹയർ സെക്കൻഡറി സ്കൂളാണ് ഏറ്റവുമധികം പോയിൻ്റുള്ള സ്കൂൾ. 156 പോയിൻ്റുള്ള ഗുരുകുലം സ്കൂളിനു പിന്നിൽ 142 പോയിൻ്റുള്ള തിരുവനന്തപുരം വഴുതക്കാട് കാർമൽ ഗേൾസ് സ്കൂൾ രണ്ടാമതുണ്ട്. സെൻ്റ് തെരേസാസ് എഐഎച്ച്എസ്എസ് കണ്ണൂർ, സിൽവർ ഹിൽസ് എച്ച് എസ് എസ് കോഴിക്കോട്, ദുർഗ എച്ച് എസ് എസ് കാഞ്ഞങ്ങാട് കാസർഗോഡ് എന്നീ സ്കൂളുകളാണ് യഥാക്രമം മൂന്ന് മുതൽ അഞ്ച് വരെ സ്ഥാനങ്ങളിലുള്ളത്.
സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു.ഏറ്റവും കൂടുതല്‍ പോയിന്റ്റുകള്‍ നേടുന്ന ജില്ലയ്ക്കുള്ള സ്വര്‍ണക്കപ്പ് പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി സമ്മാനിച്ചു. വിജയികള്‍ക്കുള്ള സമ്മാനദാനം മന്ത്രിമാരും മുഖ്യാതിഥിയായ ഗായിക കെ എസ് ചിത്രയും നിര്‍വഹിച്ചു.
Be the first to comment