63ാം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തിരുവനന്തപുരത്ത് തിരിതെളിഞ്ഞു. ഇനിയുള്ള അഞ്ച് ദിവസങ്ങള്‍ അനന്തപുരിയില്‍ കൗമാരകലയുടെ രാപ്പകലുകളാകും. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പതാക ഉയർത്തിയതോടെ ചടങ്ങുകള്‍ക്ക് തുടക്കമായി. തുടര്‍ന്ന് കലാമണ്ഡലത്തിലെ കുട്ടികള്‍ അവതരിപ്പിച്ച സ്വാഗതനൃത്തം അരങ്ങേറി. എം. ടി. വാസുദേവന്‍ നായരുടെ പേരിലുള്ള സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ ഒന്നാം വേദി ‘എംടി നിള’യില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിർവഹിച്ചു. മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനായിരുന്നു. മന്ത്രിമാരായ ജി ആർ അനിൽ, കെ. രാജന്‍, എ.കെ. ശശീന്ദ്രന്‍, വീണ ജോർജ്, എംഎൽഎ ആന്റണി രാജു, വി. കെ. പ്രശാന്ത്, കടകംപള്ളി സുരേന്ദ്രന്‍, മേയർ ആര്യ രാജേന്ദ്രന്‍, എംപിമാരായ എഎ റഹീം, ജോണ്‍ ബ്രിട്ടാസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. നദികളുടെ പേരിലുള്ള 25 വേദിയിലായി നടക്കുന്ന കലോത്സവത്തില്‍ പതിനയ്യായിരത്തോളംപേര്‍ മത്സരിക്കും. 11 മണിയോടെ മത്സരങ്ങള്‍ക്ക് തുടക്കമാകും.
സ്‌കൂള്‍ കലോത്സവം വന്‍ വിജയമാക്കണമെന്ന് പൊതുവിദ്യാഭ്യാസവും മന്ത്രി വി ശിവന്‍കുട്ടി അഭ്യര്‍ഥിച്ചു. പൊതുസമൂഹത്തിന്റെ പിന്തുണയാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കരുത്ത്. ജനുവരി നാലു മുതല്‍ 8 വരെയുള്ള ദിനരാത്രങ്ങളില്‍ പൊതുജനം കലോത്സവത്തിന്റെ കൂടെയുണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യകരമായ മത്സരങ്ങളാണ് കലോത്സവത്തില്‍ അരങ്ങേറേണ്ടത്. തെറ്റായ ഒരു പ്രവണതയും പ്രോത്സാഹിപ്പിക്കില്ല. മാന്വല്‍ അനുസരിച്ചു മാത്രമാണ് കലോത്സവം സംഘടിപ്പിക്കുക. വിദ്യാര്‍ഥികളും അധ്യാപകരും രക്ഷകര്‍ത്താക്കളും കലോത്സവത്തിന്റെ അന്തസ്സ് ഉള്‍ക്കൊണ്ട് പെരുമാറണമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
മികച്ച രീതിയിലുള്ള സംഘാടനമാണ് കലോത്സവവുമായി ബന്ധപ്പെട്ട് നടക്കുന്നത്. 19 സബ് കമ്മിറ്റികളും മികച്ച രീതിയില്‍ ആണ് പ്രവര്‍ത്തിക്കുന്നത്. പൊതു വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരും വിദ്യാര്‍ത്ഥി വോളണ്ടിയര്‍മാരും പോലീസ് അടക്കമുള്ള എന്‍ഫോഴ്സ്മെന്റ് ഏജന്‍സികളും കലോത്സവ സംഘാടനത്തിന് സജ്ജരായി കഴിഞ്ഞു. സ്വര്‍ണ്ണക്കപ്പ് ഘോഷയാത്രയ്ക്ക് ലഭിച്ച വരവേല്‍പ്പ് തന്നെ പൊതുജനം കലോത്സവത്തെ എത്രത്തോളം ഏറ്റെടുക്കുന്നു എന്നതിന് തെളിവാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കലോത്സവത്തിന്റെ സ്വര്‍ണക്കപ്പ് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രധാന വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് ഏറ്റുവാങ്ങിയത്. കാസര്‍കോട് നിന്ന് ആരംഭിച്ച സ്വര്‍ണകപ്പ് ഘോഷയാത്ര വെള്ളിയാഴ്ചയാണ് തിരുവനന്തപുരം ജില്ലയില്‍ പ്രവേശിച്ചത്. ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്ന് സ്വീകരണം ഏറ്റുവാങ്ങി വൈകുന്നേരം 7 മണിയോടെ നിയമസഭയ്ക്ക് മുന്നിലെത്തി. പിഎംജി ജങ്ഷനില്‍ നിന്ന് വിദ്യാര്‍ഥികളുടെ വിവിധ കലാകായിക രൂപങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയായി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ എത്തിക്കുകയായിരുന്നു. അധ്യാപകരും വിദ്യാര്‍ഥികളുമായി ആയിരത്തോളം പേര്‍ ഘോഷയാത്രയില്‍ പങ്കെടുത്തു.
Be the first to comment