സംസ്ഥാന വനിതാരത്‌ന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; കോട്ടയത്തിന് അഭിമാന നിമിഷം

തിരുവനന്തപുരം: 2022ലെ സംസ്ഥാന സര്‍ക്കാരിന്റെ വനിതാരത്‌ന പുരസ്‌കാരങ്ങള്‍ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മേഖലയിലും ശാസ്ത്ര സാങ്കേതിക മേഖലയിലും വ്യക്തി മുദ്ര പതിപ്പിച്ച വനിതയായി കോട്ടയം ഗവ. മെഡിക്കല്‍ കോളേജ്, സര്‍ജിക്കല്‍ ഗാസ്‌ട്രോഎന്‍ട്രോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ആര്‍.എസ്. സിന്ധു, കായിക മേഖലയില്‍ കെ.സി. ലേഖ, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയ വനിതാ വിഭാഗത്തില്‍ നിലമ്പൂര്‍ ആയിഷ, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണത്തില്‍ ലക്ഷ്മി എന്‍. മേനോന്‍ എന്നിവരെ തെരഞ്ഞെടുത്തു. മാര്‍ച്ച് 8ന് വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വനിതാദിനാഘോഷം സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

Dr. R.S. Sindhu
  • ഡോ. ആര്‍.എസ്. സിന്ധു

കേരളത്തിലെ മെഡിക്കൽ കോളജുകളിൽ നിന്നു സർജിക്കൽ ഗ്യാസ്ട്രോ എന്ററോളജിയിൽ എംസിഎച്ച് നേടുന്ന ആദ്യ വനിതയാണ് ഡോ. ആർ.എസ്.സിന്ധു. സർക്കാർ മേഖലയിൽ വിജയകരമായി ആദ്യ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകിയ സിന്ധു ഇപ്പോൾ കോട്ടയം മെഡിക്കൽ കോളജ് സർജിക്കൽ ഗ്യാസ്ട്രോ എന്ററോളജി വിഭാഗം അസോഷ്യേറ്റ് പ്രഫസറാണ്.പോളിയോ വന്നു കാലുകൾ തളർന്ന സിന്ധു ക്രച്ചസിൽ നിന്നുകൊണ്ട് സങ്കീർണമായ ശസ്ത്രക്രിയകൾ വിജയകരമായി നടത്തി ശ്രദ്ധനേടി. 20 വർഷത്തിനിടെ ആയിരത്തിലധികം ശസ്ത്രക്രിയകൾ നടത്തി. കോട്ടയം മെഡിക്കൽ കോളജിൽ 3 കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ യാഥാർഥ്യമാക്കി. ഭർത്താവ് രഘു എൻ.വാരിയർ. മകൻ നിരഞ്ജൻ കെ.വാരിയർ. സഹോദരങ്ങൾ: ആർ.എസ്.സന്തോഷ്, ആർ.എസ്.ഗംഗ.

  • കെ.സി. ലേഖ

ഇന്ത്യന്‍ വനിത അമച്വര്‍ ബോക്‌സിംഗ് 75 കിലോ വിഭാഗത്തെ പ്രതിനിധീകരിച്ച് 2006ലെ വനിതാ ലോക അമച്വര്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ നേടിയ താരമാണ് തിരുവനന്തപുരം സ്വദേശിയായ കെ.സി. ലേഖ. കായിക മേഖലയില്‍ നല്‍കിവരുന്ന സംഭാവനകള്‍ കണക്കിലെടുത്താണ് വനിതരത്‌ന പുരസ്‌കാരം നല്‍കി ആദരിക്കുന്നത്.

  • നിലമ്പൂര്‍ ആയിഷ

പ്രശസ്ത സിനിമാ നാടക നടിയാണ് നിലമ്പൂര്‍ അയിഷ. ആദ്യ കാലഘട്ടത്തില്‍ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരെയുള്ള അടിച്ചമര്‍ത്തലുകള്‍ക്കെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിച്ചു.

  • ലക്ഷ്മി എന്‍ മേനോന്‍

കൊച്ചിയില്‍ ‘പ്യുവര്‍ ലിവിംഗ്’ എന്ന സ്ഥാപനം നടത്തുന്ന ലക്ഷ്മി എന്‍ മേനോന്‍ അമ്മൂമ്മത്തിരി/വിക്‌സ്ഡം എന്ന ആശയം ആവിഷ്‌കരിക്കുകയും വൃദ്ധ സദനങ്ങളിലും അനാഥാലയങ്ങളിലും താമസിക്കുന്ന സ്ത്രീകള്‍ക്ക് ഉപജീവന മാര്‍ഗം നേടിക്കൊടുത്തു. സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷയും ശാക്തീകരണവും ഉറപ്പാക്കുന്നതിലുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.

 

 

 

 

Be the first to comment

Leave a Reply

Your email address will not be published.


*