ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി ഉടന്‍ പുനഃസ്ഥാപിക്കണം; സെപ്റ്റംബർ 30-നകം തിരഞ്ഞെടുപ്പ് നടത്തണമെന്നും സുപ്രീംകോടതി

ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി ഉടന്‍ പുനഃസ്ഥാപിക്കാന്‍ എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. 2024 സെപ്തംബർ 30-നകം ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പ് നടത്താന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് കോടതി നിർദേശം നല്‍കി. ഭരണഘടനയുടെ 370-ാം അനുച്ഛേദം പ്രകാരമുള്ള ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് റദ്ദാക്കിയ നടപടി ശരിവച്ചുകൊണ്ടുള്ള വിധി പ്രസ്താവിക്കെയാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം നിർദേശിച്ചത്.

ഇന്ത്യയില്‍ ചേർന്നതോടെ കശ്മീരിന് പ്രത്യേക പരമാധികാരമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജമ്മു കശ്മീർ ഇന്ത്യയുടെ ഭാഗമായപ്പോള്‍ പരമാധികാരം നിലനിർത്തിയോയെന്ന ചോദ്യത്തിന് ഇല്ലെന്നാണ് ഉത്തരമെന്നും അനുച്ഛേദം 370 താത്കാലികമാണെന്നും കോടതി കൂട്ടിച്ചേർത്തു.

രാഷ്ട്രപതിഭരണം ഏർപ്പെടുത്തിയ നടപടി ഹർജിക്കാർ പ്രത്യേകം ചോദ്യം ചെയ്യാത്തതിനാല്‍ ഇടപെടുന്നില്ലെന്ന് കോടതി പറഞ്ഞു. രാഷ്ട്രപതിഭരണസമയത്ത് സംസ്ഥാനത്തിനായി കേന്ദ്രം എടുക്കുന്ന എല്ലാ തീരുമാനങ്ങളും ചോദ്യം ചെയ്യാനാകില്ല. ഇത് സംസ്ഥാനത്ത് ഭരണസ്തംഭനമുണ്ടാക്കുമെന്നും കോടതി നിരീക്ഷിച്ചു. രാഷ്ട്രപതിഭരണം നിലനില്‍ക്കുന്ന സംസ്ഥാനത്ത് നിയമ നിർമാണം നടത്താനുള്ള അധികാരം നിയമസഭയ്ക്ക് മാത്രമാണെന്ന ഹർജിക്കാരുടെ വാദം അംഗീകരിക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*