ഒളിക്യാമറ വിവാദം; ബിസിസിഐ ചീഫ് സെലക്ടർ ചേതൻ ശർമ രാജിവച്ചു

ബിസിസിഐ ചീഫ് സെലക്ടർ ചേതൻ ശർമ രാജിവച്ചു. രാജിക്കത്ത് ബിസിസിഐ സെക്രട്ടറി ജയ് ഷാ സ്വീകരിച്ചു. ഒരു ടിവി ചാനൽ നടത്തിയ സ്റ്റിംഗ് ഓപ്പറേഷനിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയത് വിവാദമായി മാറിയ പശ്ചാത്തലത്തിലാണ് രാജി.

ടി20 ലോകകപ്പില്‍ സെമിയില്‍ ഇന്ത്യ പുറത്തായതിന് പിന്നാലെ ചേതന്‍ ശര്‍മയുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയെ പുറത്താക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ സെലക്ഷന്‍ കമ്മിറ്റി അംഗങ്ങളെ മാറ്റിയെങ്കിലും ചേതന്‍ ശര്‍മയെ കഴിഞ്ഞ മാസം വീണ്ടം മുഖ്യ സെലക്ടറായി ബിസിസിഐ തെര‍ഞ്ഞെടുത്തിരുന്നു.

ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം ഒരു ദേശീയ ചാനല്‍ നടത്തിയ ഒളി ക്യാമറ ഓപ്പറേഷനില്‍ ഇന്ത്യന്‍ സീനിയര്‍ താരങ്ങള്‍ അടക്കം മത്സരത്തിനിറങ്ങുമ്പോള്‍ കായികക്ഷമത ഉറപ്പുവരുത്താന്‍ കുത്തിവെപ്പ് എടുക്കാറുണ്ടെന്നും ഇത് ഉത്തേജക പരിശോധനയില്‍ കണ്ടെത്താനാവില്ലെന്നും ചേതന്‍ ശര്‍മ വെളിപ്പെടുത്തിയിരുന്നു.

ഇന്ത്യന്‍ ടീമിലെ പല താരങ്ങളും തന്നെ വീട്ടില്‍ വന്ന് കാണാറുണ്ടെന്നും ടി20  നായകനായ ഹാര്‍ദ്ദിക് പാണ്ഡ്യ തന്‍റെ വീട്ടില്‍ വന്നിരുന്നുവെന്നും ചേതന്‍ ശര്‍മ വെളിപ്പടുത്തിയിരുന്നു. രോഹിത് ശര്‍മ്മക്കും വിരാട് കോലിക്കും സൗരവ് ഗാംഗുലിക്കുമെതിരെയെല്ലാം ചേതന്‍ ശര്‍മ വെളിപ്പെടുത്തലുകള്‍ നടത്തി. ഇതോടെ സീനിയര്‍ താരങ്ങള്‍ അടക്കം ബിസിസഐയെ കടുത്ത അതൃപ്തി അറിയിച്ചു. ഇതിന് പിന്നാലെയാണ് ചേതന്‍ ശര്‍മയോട് ബിസിസിഐ രാജി ആവശ്യപ്പെട്ടതെന്നാണ് വിവരം.

 

Be the first to comment

Leave a Reply

Your email address will not be published.


*