
ന്യൂഡല്‍ഹി: കഴിഞ്ഞയാഴ്ചത്തെ കനത്ത ഇടിവില്‍ നിന്ന് തിരിച്ചുകയറുമെന്ന പ്രതീതി സൃഷ്ടിച്ച ഓഹരി വിപണി നഷ്ടത്തില്‍. വിപണിയുടെ തുടക്കത്തില്‍ നേട്ടത്തോടെ വ്യാപാരം ആരംഭിച്ച ഓഹരി വിപണി 11 മണിയോടെ വീണ്ടും നഷ്ടത്തിലേക്ക് വഴുതി വീഴുകയായിരുന്നു. വ്യാപാരത്തിനിടെ ഒരു ഘട്ടത്തില്‍ ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സ് 900 പോയിന്റ് വരെ ഇടിഞ്ഞു. നിഫ്റ്റിയിലും സമാനമായ ഇടിവ് നേരിട്ടു. നിഫ്റ്റി 24,700 എന്ന സൈക്കോളജിക്കല്‍ ലെവലിലും താഴെ പോയി.
ദിവസങ്ങള്‍ക്ക് മുന്‍പ് 85000 പോയിന്റും കടന്ന് മുന്നേറിയ സെന്‍സെക്‌സ് 81,000 പോയിന്റിലും താഴെക്കാണ് ഇന്ന് പോയത്. ആഗോള സാഹചര്യങ്ങളാണ് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിക്കുന്നത്. പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥ അസംസ്‌കൃത എണ്ണ വിതരണത്തെ ബാധിക്കുമോ എന്ന ചിന്ത അടക്കമുള്ള വിഷയങ്ങളാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. ഡോളര്‍ ശക്തിയാര്‍ജിക്കുന്നത് അടക്കമുള്ള മറ്റു ഘടകങ്ങളും നിക്ഷേപകര്‍ ഉറ്റുനോക്കുകയാണ്.
ഐടി സെക്ടര്‍ ഒഴികെ മറ്റു മേഖലകളെല്ലാം നഷ്ടത്തിലാണ്. ബാങ്ക് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിടുന്നത്. എച്ച്ഡിഎഫ്‌സി ബാങ്ക്, റിലയന്‍സ്, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്. അതേസമയം ഇന്‍ഫോസിസ്, ഐടിസി, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ചുരുക്കം ഓഹരികള്‍ നേട്ടം ഉണ്ടാക്കി.
Be the first to comment