ലക്ഷ്യമിടുന്നത് ഇതുവരെയുള്ളതിലെ ഏറ്റവും വലിയ മൂലധന സമാഹരണം; ഹ്യുണ്ടായിയുടെ 25,000 കോടിയുടെ ഐപിഒയ്ക്ക് അനുമതി, സൊമാറ്റോയ്ക്ക് പിന്നാലെ സ്വിഗ്ഗിയും

ന്യൂഡല്‍ഹി: വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയുടെയും ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയായ സ്വിഗ്ഗിയുടെയും ഐപിഒയ്ക്ക് ഓഹരി വിപണി നിയന്ത്രണ ബോര്‍ഡായ സെബിയുടെ അനുമതി. രാജ്യത്തെ ഇതുവരെയുള്ളതില്‍ ഏറ്റവും വലിയ ഐപിഒയിലൂടെ ഹ്യുണ്ടായ് ഏകദേശം 25,000 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്.

ജൂണിലാണ് ഹ്യുണ്ടായ് സെബിയില്‍ അപേക്ഷ നല്‍കിയത്. ഒക്ടോബറില്‍ ഐപിഒ നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഐപിഒയിലൂടെ സമാഹരിക്കുന്ന പണം ഉപയോഗിച്ച് പ്രീമിയം കാറുകളുടെയും വൈദ്യുതി വാഹനങ്ങളുടെയും വിഭാഗം വിപുലീകരിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഇരുപത് വര്‍ഷത്തിനിടെ രാജ്യത്ത് പ്രാഥമിക ഓഹരി വില്‍പ്പന നടത്തുന്ന ആദ്യ കാര്‍ കമ്പനിയായിരിക്കും ഹ്യുണ്ടായി. 2003ല്‍ മാരുതി സുസുക്കിയാണ് അവസാനമായി ഈ വിഭാഗത്തില്‍ ഓഹരികള്‍ വിപണിയില്‍ ലിസ്റ്റ് ചെയ്തത്. 14.2 കോടി ഓഹരികളാണ് ഫോളോ ഓണ്‍ പബ്ലിക് ഓഫര്‍ രീതിയില്‍ കമ്പനി വിറ്റഴിക്കുക.

11,000 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ടാണ് സ്വിഗ്ഗി ഐപിഒ രംഗത്തേയ്ക്ക് കടന്നുവരുന്നത്. കമ്പനിയുടെ ഐപിഒ നവംബറില്‍ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐപിഒയ്ക്ക് അനുമതി ചോദിച്ച് ഏപ്രിലില്‍ 30നാണ് കമ്പനി സെബിക്ക് അപേക്ഷ നല്‍കിയത്. 2014ലാണ് സ്വിഗ്ഗി സ്ഥാപിച്ചത്. നിലവില്‍ 1300 കോടി ഡോളര്‍ മൂല്യമുള്ള കമ്പനിയാണ് സ്വഗ്ഗി.

Be the first to comment

Leave a Reply

Your email address will not be published.


*