നാളെ മുതൽ വേണാട് എക്സ്പ്രസ്സിന് എറണാകുളം നോര്‍ത്തില്‍ സ്റ്റോപ്പ്

കൊച്ചി: വേണാട് എക്സ്പ്രസ് പിടിക്കാന്‍ ഇനി എറണാകുളം ജംഗ്ഷന്‍ സ്റ്റേഷനിലേക്ക് പോകേണ്ടതില്ല. നാളെ മുതല്‍ വണ്ടിക്ക് നോര്‍ത്ത് റെയില്‍വേ സ്റ്റേഷനിലാണ് സ്റ്റോപ്പ്. വേണാട് എക്സ്പ്രസിന്‍റെ സ്റ്റോപ്പ് മാറ്റം നാളെ മുതല്‍ നടപ്പിലാവും. എറണാകുളം സൗത്തിന് പകരം നോര്‍ത്തില്‍ ട്രെയിന്‍ നിര്‍ത്തുമ്പോള്‍ യാത്രക്കാർ പ്രതിഷേധത്തിലാണ്. മതിയായ കൂടിയാലോചനകള്‍ ഇല്ലാതെയുള്ള പരിഷ്കാരത്തെ ശക്തമായി എതിര്‍ക്കുകയാണ് ഒരു വിഭാഗം യാത്രക്കാര്‍. സമയനഷ്ടവും ധനനഷ്ടവും ഉറപ്പാണെന്നും തൊഴിലാളി ദിനത്തില്‍ തുടങ്ങുന്ന എട്ടിന്‍റെ പണിയെന്നും വിമര്‍ശനം. വേണാടില്ലെങ്കില്‍ ഒരു മെമുവെങ്കിലും തുടങ്ങണമെന്നാണ് ഇവരുടെ ആവശ്യം. 

എന്നാല്‍ എതിര്‍പ്പിനിടയിലും മാറ്റത്തിന്‍റെ കാരണവും ഗുണങ്ങളും നിരത്തുകയാണ് റെയില്‍വേ. സൗത്ത് സ്റ്റേഷനില്‍ നിര്‍മാണപ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ സ്ഥലപരിമിതി ഒഴിവാക്കാനാണ് സ്റ്റോപ്പ് മാറ്റമെന്നാണ് വിശദീകരണം. ഇത് താത്കാലികം മാത്രമാണ്, തിരുവനന്തപുരത്ത് നിന്നും ഷൊര്‍ണൂരിലേക്കും തിരിച്ചുമുള്ള യാത്രയില്‍ സ്റ്റേഷനുകളില്‍ അരമണിക്കൂറെങ്കിലും നേരത്തെ എത്താന്‍ സാധിക്കും. എറണാകുളത്ത് എത്തുമ്പോള്‍ എഞ്ചിന്‍ മാറ്റേണ്ടിവരുന്നില്ല. അതിനുള്ള അധികസമയവും നഷ്ടമാവില്ല. നോര്‍ത്ത് റെയില്‍വേ സ്റ്റേഷന്‍ കൊച്ചി നഗരമധ്യത്തിലായതിനാല്‍ ജോലിക്കാര്‍ക്കുള്‍പ്പെടെ യാത്രാ ബുദ്ധിമുട്ട് വരില്ല. പുതിയ പരിഷ്കാരത്തെ സ്വാഗതം ചെയ്തും ഒരു വിഭാഗം യാത്രക്കാര്‍ രംഗത്തുവന്നു.

സൗത്ത് റെയില്‍വേ സ്റ്റേഷന്‍റെ നവീകരണം പൂര്‍ത്തിയാക്കാനും തടസങ്ങളില്ലാതെ നിര്‍മാണം നടത്താനുമാണ് സ്റ്റോപ് മാറ്റം. അതിനിടയില്‍ മെമു സര്‍വീസ് തുടങ്ങിയാല്‍ സ്റ്റോപ് മാറ്റംകൊണ്ട് പ്രയോജനമുണ്ടാകില്ലെന്നും മെമു പിടിക്കാനായി സൗത്ത് സ്റ്റേഷനില്‍ യാത്രക്കാര്‍ വന്ന് നിറയുമെന്നും റെയില്‍വേ അറിയിക്കുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*