സൈബര്‍ അധിക്ഷേപവും വ്യാജവാര്‍ത്തയും തടയാന്‍ സൈബർ വിം​ഗ്, രണ്ടുകോടി അനുവദിച്ചു

സമൂഹത്തിലെ വിവിധ വിഭാ​ഗങ്ങളിൽപെട്ടവർക്കെതിരെ പ്രത്യേകിച്ച് സ്ത്രീകൾക്കെതിരെ വലിയ സൈബർ അധിക്ഷേപങ്ങൾ നടക്കുന്നുണ്ട്. തെറ്റായ വാർത്തകളും വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്ന സൈബർ കുറ്റവാളികൾക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിനുള്ള സൈബർ വിം​ഗ് ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. പിആർഡി, പൊലീസ്, നിയമവകുപ്പുകളെ സംയോജിപ്പിച്ച് കാര്യക്ഷമമായ സംവിധാനം രൂപീകരിക്കുന്നതിനായി 2 കോടി രൂപ ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചു.

രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചത്. രണ്ടരമണിക്കൂറോളം നീണ്ടു നിന്ന ബജറ്റിൽ സാമ്പത്തിക ഞെരുക്കത്തിൽ നിന്ന് രക്ഷപ്പെടുന്നതിനുള്ള പ്രഖ്യാപനങ്ങളാണ് ഉൾപ്പെട്ടത്. സംസ്ഥാനത്തിന്റെ ധന ഞെരുക്കത്തിന് കാരണം കേന്ദ്രസർക്കാരാണെന്ന് ബജറ്റ് അവതരണത്തിന്റെ തുടക്കത്തിൽ തന്നെ കെ.എൻ ബാല​ഗോപാൽ പറഞ്ഞിരുന്നു. കടമെടുക്കാൻ അനുവദനീയമായ പരിധിപോലും കേന്ദ്രസർക്കാർ അനുവദിക്കുന്നില്ലെന്നായിരുന്നു പ്രധാന വിമർശനം. കിഫ്‌ബി വായ്പ കടമായി കണക്കാക്കുകയാണ്. കിഫ്ബി വായ്പ മുൻകാല പ്രാബല്യത്തോടെയാണ് കടപരിധിയിൽ പെടുത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബാലഗോപാലിന്റെ അഞ്ചാമത്തെ ബജറ്റാണിത്. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജനപ്രിയ ബജറ്റിനാണ് സാധ്യതയെന്ന് കരുതിയെങ്കിലും ഭൂനികുതി അടക്കം കുത്തനെ ഉയർത്തിക്കൊണ്ടുള്ള പ്രഖ്യാപനങ്ങളാണുള്ളത്.

Be the first to comment

Leave a Reply

Your email address will not be published.


*