എംബിഎ പരീക്ഷയുടെ ഉത്തരക്കടലാസ് നഷ്ടമായ സംഭവം; അധ്യാപകനെതിരെ കർശന നടപടിയുണ്ടാകും, മന്ത്രി ആർ ബിന്ദു

കേരള സർവ്വകലാശാല എംബിഎ പരീക്ഷയുടെ ഉത്തരക്കടലാസ് നഷ്ടമായ സംഭവത്തിൽ ഗസ്റ്റ് അധ്യാപകനെതിരെ കർശന നടപടി ഉണ്ടാകുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. ഗുരുതരമായ കൃത്യ വിലോപമാണ് അധ്യാപകൻ്റെ ഭാഗത്ത് നിന്നുണ്ടായത്.

കേരള സർവ്വകലാശാല ഏകീകൃത അക്കാദമിക് കലണ്ടർ രൂപീകരിച്ച് അതിനനുസരിച്ച് ചിട്ടയായ പ്രവർത്തനം കാഴ്ചവെച്ച് മുന്നോട്ട് പോകുകയാണ്. പരീക്ഷകളെല്ലാം സമയബന്ധിതമായി നടത്താനും ഫലങ്ങൾ എത്രയും വേഗം പ്രസിദ്ധീകരിക്കാനുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ട്. കേരള സർവ്വകലാശാല NAAC ഗ്രേഡിംഗിൽ A++ ഗ്രേഡ് നേടി തിളങ്ങി നിൽക്കുന്ന സാഹചര്യത്തിലാണ് ഉത്തരക്കടലാസുകൾ അധ്യാപകൻ നഷ്ടപ്പെടുത്തിയ സംഭവം ഉണ്ടാകുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയുടെ നിറം കൊടുത്താനുള്ള ബോധപൂർവ്വമായ ശ്രമമാണോ ഇതെന്ന് സംശയമുണ്ടെന്നും കൃത്യമായ അന്വേഷണം വേണമെന്നും മന്ത്രി വ്യക്തമാക്കി.

കുട്ടികൾക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത വിധത്തിലായിരിക്കണം പരിഹാര നടപടികൾ ഉണ്ടാകേണ്ടതെന്ന് സർവ്വകലാശാലയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്. കുട്ടികളുടെ ഭാവിക്ക് ബുദ്ധിമുട്ട് ഉണ്ടാകാതെ കാര്യം പരിഹരിക്കാനുള്ള ഇടപെടലുകൾ ഉണ്ടാകും.പ്രൊചാൻസിലർ എന്ന നിലയിൽ ചില വ്യാജ പ്രതികരണങ്ങൾ ഉണ്ടായി. ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് കാര്യങ്ങളിൽ അന്വേഷിക്കാനും ഇടപെടാനുള്ള സാഹചര്യം ഇത് മൂലമാണ് ഉണ്ടായത്. മാത്രവുമല്ല പ്രൊ ചാൻസിലർ എന്ന പദവിയുടെ ബലത്തിലാണ് ഇത്തരം കാര്യങ്ങളിൽ വേഗത്തിൽ തന്നെ ഇടപെടാൻ സാധിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, ഉത്തരക്കടലാസ് നഷ്ടമായതില്‍ വൈസ് ചാന്‍സിലര്‍ അടിയന്തര യോഗം വിളിച്ചു. ഒന്നാം തീയതി അടിയന്തര യോഗം ചേരും. സംഭവത്തിൽ കര്‍ശന നടപടിയുണ്ടാകുമെന്നും വിസി ഡോ. മോഹൻ കുന്നുമ്മൽ അറിയിച്ചു. വീണ്ടും പരീക്ഷ നിശ്ചയിച്ചതോടെ വിദേശത്ത് ഉള്‍പ്പെടെ ജോലിയ്ക്ക് കയറിയ വിദ്യാര്‍ത്ഥികള്‍ പ്രതിസന്ധിയിലായി. തന്റെ ഭാഗത്ത് നിന്നാണ് വീഴ്ചയുണ്ടായതെന്ന് ഉത്തരക്കടലാസ് ഏറ്റുവാങ്ങിയ അധ്യാപകന്‍  പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*