സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളസർട്ടിഫിക്കറ്റ് നൽകുന്നതിന് കർശന നിയന്ത്രണം

തിരുവനന്തപുരം: ജീവനക്കാർക്ക് ശമ്പളസർട്ടിഫിക്കറ്റ് നൽകുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ. ജീവനക്കാർ അവർക്ക് വീട്ടാവുന്നതിനെക്കാൾ കൂടുതലായി കടക്കാരായി മാറുന്ന സാഹചര്യമാണെങ്കിൽ ശമ്പള സർട്ടിഫിക്കറ്റ് നൽകേണ്ടതില്ലെന്നാണ് ശമ്പള വിതരണ ഓഫീസർമാർക്ക് ധനവകുപ്പ് നല്‍കിയിരിക്കുന്ന നിർദേശം.

ജീവനക്കാരുടെ പ്രതിമാസ വായ്പ അല്ലെങ്കിൽ ചിട്ടിയുടെ മാസത്തവണ ആ വ്യക്തിയുടെ കൈയിൽ കിട്ടുന്ന ശമ്പളത്തെക്കാൾ (നെറ്റ് സാലറി) കൂടുതലാണെങ്കിൽ തുടർന്നും വായ്പയ്ക്കോ ചിട്ടിപിടിക്കുന്നതിനോ ശമ്പള സർട്ടിഫിക്കറ്റ് നൽകേണ്ടതില്ലെന്ന് ധനവകുപ്പ് നിര്‍ദേശിച്ചു.

വായ്പയുടെയോ ചിട്ടിയുടെയോ തിരിച്ചടവ് കാലാവധി സർവീസ് കാലത്തെക്കാൾ കൂടിയാലും സർട്ടിഫിക്കറ്റ് നൽകില്ല. കരാർ ജീവനക്കാർക്ക് ശമ്പള സർട്ടിഫിക്കറ്റ് നൽകേണ്ടതില്ല. എന്നാൽ ശമ്പളത്തിന്റെ ജാമ്യത്തിന്മേൽ അല്ലാത്ത വായ്പ എടുക്കാൻ തൊഴിൽ സർട്ടിഫിക്കറ്റ് അനുവദിക്കും.

വാങ്ങിയ കടം തിരിച്ചടയ്ക്കാനാവാതെ പാപ്പരാവുകയും തുടർന്ന് ശമ്പളം പിടിച്ചുവെക്കപ്പെടുകയും ചെയ്യുന്ന സർക്കാർ ജീവനക്കാരെ പെരുമാറ്റച്ചട്ടത്തിലെ വ്യവസ്ഥകൾ അനുസരിച്ച് പിരിച്ചുവിടുന്നതിനുള്ള നടപടികൾ സ്വീകരിക്കണം. സ്ഥിരമായി കടക്കാരാവുന്നവർക്കെതിരെ നടപടിയെടുക്കണമെന്നും  ധനവകുപ്പിന്റെ ഉത്തരവിൽ പറയുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*