ദുരന്തമൊഴിയാതെ തുര്‍ക്കി; വീണ്ടും ഭൂചലനം, മരണസംഖ്യ ഇനിയും ഉയരും

ഭൂകമ്പത്തില്‍ വിറങ്ങലിച്ചിരിക്കുന്ന തുര്‍ക്കിയില്‍ ദുരന്തം വിതച്ച് മൂന്നാമതും ഭൂചലനം. തുര്‍ക്കിയിലും സിറിയയിലുമായുണ്ടായ ഭൂചലനത്തില്‍ ഇതുവരെ 2300 ലധികം ആളുകള്‍ മരണപ്പെട്ടതായാണ് റിപ്പോര്‍ട്ട്‌. 5,380 ല്‍ അധികം പേര്‍ക്ക് പരിക്കേറ്റു. ഭൂകമ്പത്തില്‍ 2818 കെട്ടിടങ്ങള്‍ തകര്‍ന്നു. ഇതുവരെ 2470 പേരെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രക്ഷപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ആയിരക്കണക്കിന് ആളുകള്‍ ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്.

ഇന്ന് പുലര്‍ച്ചെയുണ്ടായ ഭൂചലനത്തിന് ശേഷം ഏകദേശം 12 മണിക്കൂറിന് ശേഷം, വൈകുന്നേരത്തോടെയാണ് തുര്‍ക്കിയില്‍ വീണ്ടും ഭൂചലനമുണ്ടായത്. ഭൂകമ്പത്തിന്റെ പശ്ചാത്തലത്തില്‍ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ അടിയന്തര യോഗം ചേര്‍ന്ന് ഭൂകമ്പബാധിതര്‍ക്ക് സാധ്യമായ എല്ലാ സഹായവും വാഗ്ദാനം ചെയ്തു.

തിങ്കളാഴ്ച പുലര്‍ച്ചെ 4.15ഓടെയാണ് തുര്‍ക്കിയില്‍ ആദ്യ ഭൂചലനം അനുഭവപ്പെട്ടത്.സിറിയന്‍ അതിര്‍ത്തിയില്‍ നിന്ന് 90 കിലോമീറ്റര്‍ മാത്രം അകലെയുള്ള ഗാസിയാന്‍ടെപ് മേഖലയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. സിറിയയിലും ഭൂകമ്പം വന്‍ നാശം വിതച്ചു. ഭൂകമ്പത്തില്‍ അംബരചുംബികളായ നിരവധി കെട്ടിടങ്ങള്‍ ഇടിഞ്ഞുവീണു. വന്‍തോതില്‍ നാശനഷ്ടമുണ്ടായ പല നഗരങ്ങളിലും രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് മണിക്കൂറുകൾക്ക് ശേഷമാണ് അവസാന രണ്ട് ഭൂചലനങ്ങൾ ഉണ്ടായത്.

Be the first to comment

Leave a Reply

Your email address will not be published.


*