കൂർക്കംവലി കൊണ്ട് പൊറുതിമുട്ടിയോ?; മറികടക്കാം, മാർഗങ്ങൾ ഇതാ

കൂർക്കംവലി കൊണ്ട് പൊറുതിമുട്ടുന്നവരാകും ചിലർ, മറ്റ് ചിലർ കൂർക്കംവലി കേട്ട് പൊറുതിമുട്ടിയവരും. കൂർക്കംവലി കൊണ്ട് ഉറക്കം പോകുന്നതിലുപരി ഇതൊരു ആരോഗ്യ പ്രശ്നമാണെന്ന് തിരിച്ചറിയുകയാണ് അനിവാര്യം.

ശ്വാസോച്ഛ്വാസം ചെയ്യുമ്പോൾ വായു കടന്നുപോകുന്ന വഴിയിലെവിടെ എങ്കിലും തടസ്സങ്ങൾ ഉണ്ടാകുന്നതാണ് കൂർക്കംവലി. പല കാരണങ്ങൾ കൊണ്ടും കൂർക്കംവലി ഉണ്ടാകാം. അമിതമായി മൂക്കടപ്പ് ഉണ്ടാകുന്നത്, ഉറക്കം കൃത്യമല്ലാതിരിക്കുന്നത്, മൂക്കിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്നിവ കൂർക്കംവലിക്ക് പ്രധാന കാരണങ്ങളാണ്. എന്നാൽ അൽപ്പമൊന്ന് ശ്രദ്ധിച്ചാൽ കൂർക്കംവലി ഒരുപരിധി വരെ പ്രതിരോധിക്കാം. 

പൂർണമായും മലർന്ന് കിടന്ന ഉറങ്ങുന്നത് ഒഴിവാക്കിയാൽ കൂർക്കംവലിയെ തുരത്താമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. മലർന്ന് കിടന്ന് ഉറങ്ങുമ്പോൾ നാവ് തൊണ്ടയ്ക്കുള്ളിലേക്ക് താഴ്ന്ന് നിൽക്കും. ചിലരിൽ ഇത് വായു കടന്ന് പോകുന്ന പാതയെ തടയുമ്പോൾ കൂർക്കംവലിക്ക് കാരണമാകും. തല ചെരിച്ച് വച്ച് കിടക്കുന്നതോ വശങ്ങളിലേക്ക് കിടക്കുകയോ അഭികാമ്യം.

ഉറങ്ങുന്നതിന് മൂന്നോ നാലോ മണിക്കൂർ മുൻപ് മദ്യം കഴിക്കുന്നത് ഒഴിവാക്കേണ്ടതാണ്. മദ്യപിക്കുന്നത് തൊണ്ടയിലെ പേശികളെ ശാന്തമാക്കാനും വായു സഞ്ചാരം കുറയ്ക്കുന്നതിലേക്ക് നയിക്കും. ഇതും കൂർക്കംവലിക്ക് കാരണമാകും.

നിർജ്ജലീകരണം കൊണ്ടും കൂർക്കംവലി ഉണ്ടാകാം. അതിനാൽ ഉറങ്ങുന്നതിന് മുമ്പ് ധാരാളം വെള്ളം കുടിക്കുന്നത് കൂർക്കംവലി ഒഴിവാക്കാൻ നല്ലതാണ്. പുകവലിയും ഒഴിവാക്കാം. പുകവലിക്കുന്നവരിലും കൂർക്കംവലി ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്.

അധിക തലയിണകൾ ഉപയോഗിച്ച് തല ഉയർത്തി കിടക്കുന്നത് ശ്വാസനാളങ്ങൾ തുറക്കുന്നതിനും, കൂർക്കംവലി കുറയ്ക്കുന്നതിനും സഹായിക്കും. ഉറങ്ങാൻ കിടക്കുന്നതിനു മൂന്ന് മണിക്കൂർ മുമ്പെങ്കിലും ഭക്ഷണം കഴിച്ചിരിക്കണം. നിറഞ്ഞ വയറോടെ ഉറങ്ങാൻ പോകുന്നത് കൂർക്കംവലി കൂട്ടും.

കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങളും രാത്രി ഒഴിവാക്കാം. വ്യായാമം പതിവാക്കുന്നതും കൂർക്കംവലി കുറയ്ക്കാൻ സഹായിക്കും. വ്യായാമം ഉറക്കത്തിന്റെ ആഴവും തീവ്രതയും കൂട്ടാൻ സഹായിക്കും. ഇതിലൂടെ കൂർക്കംവലി കുറയ്ക്കാം.

Be the first to comment

Leave a Reply

Your email address will not be published.


*