ജനസംഖ്യാ വളര്‍ച്ചാ നിരക്കിനെ മറികടന്ന് വിദ്യാര്‍ഥി ആത്മഹത്യനിരക്ക്; എന്‍സിആര്‍ബി കണക്കുകള്‍ പുറത്ത്

ന്യൂഡല്‍ഹി: രാജ്യത്തെ വിദ്യാര്‍ഥികളുടെ ആത്മഹത്യ നിരക്ക് ജനസംഖ്യാ വളര്‍ച്ചാ നിരക്കിനെ മറികടന്നതായി ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ(എന്‍സിആര്‍ബി)യുടെ കണക്കുകള്‍. ഐസി3ന്റെ വാര്‍ഷികത്തിലും 2024 എക്‌സ്‌പോയിലുമാണ് ഞെട്ടിക്കുന്ന ഈ റിപ്പോര്‍ട്ട് എന്‍സിആര്‍ബി പുറത്ത് വിട്ടത്. ‘വിദ്യാര്‍ഥി ആത്മഹത്യ: ഇന്ത്യയെ തുടച്ചു നീക്കുന്നു’എന്ന റിപ്പോര്‍ട്ടിലാണ് ഈ കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.

പ്രതിവര്‍ഷം രാജ്യത്ത് ആത്മഹത്യാ നിരക്ക് 2 ശതമാനം വര്‍ധിക്കുമ്പോള്‍ വിദ്യാര്‍ഥികളുടെ ആത്മഹത്യാ കേസുകള്‍ 4 ശതമാനം വര്‍ധിച്ചതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ 20 വര്‍ഷമായി വിദ്യാര്‍ഥി ആത്മഹത്യകള്‍ ദേശീയ ശരാശരിയുടെ ഇരട്ടി വര്‍ധിച്ചു. 2022 ല്‍ വിദ്യാര്‍ഥി ആത്മഹത്യകളില്‍ 53 ശതമാനം ആണ്‍കുട്ടികളാണ്. 2021 നും 2022 നും ഇടയില്‍ ആണ്‍കുട്ടികളുടെ ആത്മഹത്യ 6 ശതമാനം കുറഞ്ഞപ്പോള്‍ പെണ്‍കുട്ടികളുടെ ആത്മഹത്യ 7 ശതമാനം വര്‍ദ്ധിച്ചതായും കണക്കുകര്‍ പറയുന്നു.

‘വിദ്യാര്‍ഥികളുടെ ആത്മഹത്യാ നിരക്കുകള്‍ ജനസംഖ്യാ വളര്‍ച്ചാ നിരക്കിനെയും ആകെയുള്ള ആത്മഹത്യാ നിരക്കിനെയും മറികടന്നു. കഴിഞ്ഞ ദശകത്തില്‍ 0-24 വയസ് പ്രായമുള്ളവരുടെ ജനസംഖ്യ 582 ദശലക്ഷത്തില്‍ നിന്ന് 581 ദശലക്ഷമായി കുറഞ്ഞപ്പോള്‍ വിദ്യാര്‍ഥികളുടെ ആത്മഹത്യകളുടെ എണ്ണം 6,654 ല്‍ നിന്ന് 13,044 എന്ന നിലയിലേക്ക് വര്‍ദ്ധിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട് അനുസരിച്ച് മഹാരാഷ്ട്ര, തമിഴ്നാട്, മധ്യപ്രദേശ് സംസ്ഥാനങ്ങളാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥി ആത്മഹത്യകള്‍ നടക്കുന്ന സംസ്ഥാനങ്ങള്‍. ആകെ ആത്മഹത്യനിരക്കിന്റെ മൂന്നിലൊന്നും ഈ സംസ്ഥാനങ്ങളില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

 

Be the first to comment

Leave a Reply

Your email address will not be published.


*