കെഎസ്ആർടിസി കൺസഷൻ കിട്ടാതെ വിദ്യാർത്ഥികൾ

ഈരാറ്റുപേട്ട കെഎസ്ആർടിസി ബസുകളിൽ വിദ്യാർഥികൾക്ക് കൺസഷൻ ലഭിക്കുന്നില്ല. കൺസഷൻ കാർഡുകൾ അനുവദിച്ചു നൽകാത്തതാണ് സഞ്ചാര ആനുകൂല്യം ലഭിക്കാത്തതിനു കാരണം. ഈ സ്‌കൂൾ വർഷം മുതലാണ് കെഎസ്‌ആർടിസിയിൽ ഓൺലൈൻ വഴി കൺസഷൻ കാർഡുകൾ അനുവദിച്ചു തുടങ്ങിയത്. ഓൺലൈൻ സംവിധാനത്തിലൂടെ കൃത്യമായി കാർഡുകൾ വിതരണം ചെയ്തതായി കെഎസ്ആർടിസി അധികൃതർ അറിയിക്കുന്നുണ്ടെങ്കിലും ഈരാറ്റുപേട്ട ഡിപ്പോയുടെ കീഴിൽ വരുന്ന പ്രദേശങ്ങളിലെ യാത്രക്കാർക്ക് കാർഡുകൾ ലഭിച്ചിട്ടില്ല.

കെഎസ്ആർടിസി മാത്രം സർവീസ് നടത്തുന്ന കൈപ്പള്ളി, പറത്താനം, ചോലത്തടം തുടങ്ങിയ മേഖലകളിലെ വിദ്യാർഥികളാണ് ഇതോടെ ദുരിതത്തിലായത്. സ്‌കൂളുകളിലും കോളജുകളിലുമായി പഠിക്കുന്ന 100 കണക്കിനു വിദ്യാർഥികൾ ദിവസേന യാത്രക്കൂലി ഇനത്തിൽ 50 രൂപയോളം ചെലവാക്കേണ്ട അവസ്‌ഥയിലാണ്.

സ്‌കൂൾ തുറന്നതു മുതൽ കാർഡിനായി ഓൺലൈനിൽ അപേക്ഷ നൽകുന്നുണ്ടെങ്കിലും കാർഡുകൾ ലഭിക്കുന്നില്ല. ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ഓൺലൈൻ തകരാറാണെന്ന മറുപടി പറഞ്ഞു കൈമലത്തുകയാണ്. 2 ആഴ്ച‌യിൽ അധികമായി ഡിപ്പോയിലെ ലാൻഡ് ഫോണും പ്രവർത്തിക്കുന്നില്ല.

എന്നാണ് കാർഡുകൾ അനുവദിച്ചു ലഭിക്കുക എന്ന് അറിയാത്ത അവസ്‌ഥയിലാണ് വിദ്യാർഥികളും കെഎസ്ആർടിസി അധികൃതരും. കൺസഷൻ കാർഡുകൾ ലഭിക്കാൻ വൈകിയാൽ ഡിപ്പോ ഉപരോധം ഉൾപ്പെടെയുള്ള സമരപരിപാടികളുമായി മുൻപോട്ടു പോകാനാണു വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും തീരുമാനം.

Be the first to comment

Leave a Reply

Your email address will not be published.


*