സിപിഐഎമ്മിനെയും മാധ്യമങ്ങളെയും വിമർശിച്ച് സുധാകരൻ; കോൺഗ്രസുകാർ വ്യാജ വാർത്തകളിൽ തളരരുതെന്ന് ആഹ്വാനം

തിരുവനന്തപുരം: ജനിച്ചതും ജീവിക്കുന്നതും കോൺഗ്രസിലാണെന്നും ഇനി മരിക്കുമ്പോഴും ഒരു മൂവർണ്ണക്കൊടി തന്റെ കയ്യിലുണ്ടാകുമെന്നും കെപിസിസി അധ്യക്ഷന്‍ കെ സുധാകരൻ. കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും തമ്മിലുള്ള പോര് കോൺ​ഗ്രസിൽ രൂക്ഷമാകുന്നതിനിടെയാണ് സുധാകരന്‍റെ ഫെയ്സ്ബുക്ക് കുറിപ്പ്. എനിക്കേറ്റവും പ്രിയപ്പെട്ട കോൺഗ്രസ്‌ പ്രവർത്തകരോട് എന്നു പറഞ്ഞു തുടങ്ങുന്ന കുറിപ്പിൽ മുഖ്യമന്ത്രി പിണറായി വിജയനേയും സിപിഐഎമ്മിനെയും നിശിതമായി വിമർശിക്കുന്നുണ്ട്. ഈ കുറിപ്പ് സംസ്ഥാന കോൺഗ്രസിൻ്റെ ഔദ്യോഗിക ഫെയ്‌സ് ബുക്ക് പേജിലും പങ്കുവെച്ചിട്ടുണ്ട്.

കഴിഞ്ഞ നിയമസഭയ്ക്ക് ശേഷം നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും ഒറ്റക്കെട്ടായി പ്രവർത്തിച്ച് വിജയിച്ചുവെന്നും ഇതുകണ്ട് വിറളി പിടിച്ച ചില മാധ്യമ സ്ഥാപനങ്ങൾ കൊടുക്കുന്ന വ്യാജ വാർത്തകളിൽ ആരും തളരരുതെന്നും അദ്ദേഹം കോണ്‍ഗ്രസ് പ്രവർത്തകരോട് പറഞ്ഞു. കേരളം കണ്ട ഏറ്റവും വലിയ ക്രിമിനലിനെ ‘ക്യാപ്റ്റൻ’ എന്ന തലക്കെട്ടോടെ, നിയമസഭ തിരഞ്ഞെടുപ്പിന് കുറച്ചു ദിവസം മുൻപ് അഭിമുഖം നടത്തി കേരളത്തെ വഞ്ചിച്ച ചില മാധ്യമ പ്രവർത്തകരും സ്ഥാപനങ്ങളും ആണ് ഈ അധമ വാർത്തകളുടെ പിന്നിലെന്നും സുധാകരൻ വിമർശിച്ചു. 

എകെജി സെന്ററിൽ നിന്ന് എറിഞ്ഞു കൊടുക്കുന്ന വറ്റുകൾ കീശയിലാക്കി ഇവർ വീണ്ടും കോൺഗ്രസ് പ്രവർത്തകരെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമത്തിലാണ്. യുഡിഎഫ് അണികൾ നൽകുന്ന സ്നേഹമാകുന്ന കവചവും ധരിച്ചാണ് എന്നും താൻ നടന്നിട്ടുള്ളതെന്നും ഒരുമിച്ച് ആ ലക്ഷ്യം കണ്ടിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

Be the first to comment

Leave a Reply

Your email address will not be published.


*