അണികളുടെ ആവേശത്തില്‍ കെപിസിസി അധ്യക്ഷനായി ചുമതലയേറ്റ് സുധാകരന്‍

തിരുവനന്തപുരം: കെപിസിസി അധ്യക്ഷനായി തിരികെ ചുമതലയേറ്റ് കെ സുധാകരന്‍. ചുമതലയേല്‍ക്കാനെത്തിയ കെ സുധാകരന് ഇന്ദിര ഭവനില്‍ ഉജ്ജ്വല വരവേല്‍പ്പാണ് അണികള്‍ നല്‍കിയത്. ഇന്ദിരാഭവനിലെത്തിയ അദ്ദേഹത്തെ മുദ്രാവാക്യങ്ങളോടെയാണ് പ്രവര്‍ത്തകരും നേതാക്കളും വരവേറ്റത്. കെഎസ്‌യു, യൂത്ത്‌കോണ്‍ഗ്രസ്, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ സ്വീകരിക്കാനെത്തി. കണ്ണൂരിൻ്റെ മണിമുത്തേ, കണ്ണേ കരളേ കെഎസ്സേ. എന്ന മുദ്രാവാക്യങ്ങളോടെയാണ് അദ്ദേഹത്തെ പ്രവര്‍ത്തകര്‍ വരവേറ്റത്. എഐസിസി പ്രവര്‍ത്തക സമിതി അംഗം എ കെ ആൻ്റണിയെ വീട്ടില്‍ സന്ദര്‍ശിച്ചതിന് ശേഷമാണ് അദ്ദേഹം ഇന്ദിരഭവനില്‍ എത്തിയത്.

ലോക്സഭ തിരഞ്ഞെടുപ്പില്‍ സുധാകരന്‍ കണ്ണൂരിലെ സ്ഥാനാര്‍ത്ഥിയായ സാഹചര്യത്തിലാണ് താത്കാലിക ക്രമീകരണമെന്ന നിലയ്ക്ക് എം എം ഹസ്സനെ ആക്ടിങ് പ്രസിഡന്റായി ചുമതല ഏല്‍പ്പിച്ചത്. തുടര്‍ന്ന് തിരഞ്ഞെടുപ്പ് കഴിഞ്ഞതിനുശേഷം അദ്ദേഹത്തിന് തിരികെ ചുമതല നല്‍കിയിരുന്നില്ല. ഇതേ ചൊല്ലി പാര്‍ട്ടിയില്‍ തര്‍ക്കം ഉടലെടുത്തിരുന്നു. വിഷയം പാര്‍ട്ടിയില്‍ കൂടുതല്‍ ഭിന്നതക്കും ഗ്രൂപ്പിസത്തിനും വഴിവെക്കുമെന്ന നിഗമനത്തെ തുടര്‍ന്നാണ് സുധാകരന്‍ തന്നെ തുടരാന്‍ ഹൈക്കമാന്റിൻ്റെ തീരുമാനം.

അധ്യക്ഷ പദവി ഉടന്‍ ഏറ്റെടുക്കുമെന്നും പദവിയെ ചൊല്ലി ഒരു തര്‍ക്കവുമില്ലെന്ന് ഇന്നലെ രാവിലെ സുധാകരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇന്നലെ ഉച്ചയോടെ പാര്‍ട്ടി തീരുമാനം പുറത്തു വിട്ടത്.

പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയ പല പ്രസ്താവനകളും ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കാന്‍ സുധാകരനെ മാറ്റണം എന്ന വികാരം പാര്‍ട്ടിക്കുള്ളില്‍ പലര്‍ക്കുമുണ്ടായിരുന്നു. അതിനൊരു അവസരമായി മറ്റുള്ളവര്‍ ഇത് നോക്കിക്കാണുകയും ചെയ്തിരുന്നു. അതു തിരിച്ചറിഞ്ഞാണ് വൈകാതെ ചുമതലയിലേക്ക് തിരിച്ചുകൊണ്ടുവരണമെന്ന് സുധാകരന്‍ പാര്‍ട്ടിയില്‍ സമ്മര്‍ദ്ദം ചെലുത്തിയത്. ഇതേ തുടര്‍ന്നായിരുന്നു എഐസിസിയുടെ തീരുമാനം.

Be the first to comment

Leave a Reply

Your email address will not be published.


*