ഇടുക്കി കട്ടപ്പന റൂറൽ ഡെവലപ്പ്മെൻറ് കോ- ഒപ്പറേറ്റീവ് സൊസൈറ്റിയ്ക്ക് മുന്നിൽ ആത്മഹത്യ ചെയ്ത നിക്ഷേപകൻ സാബുവിന്റെ മരണത്തിൽ നടപടിയുമായി സൊസൈറ്റി ഭരണസമിതി. ആരോപണവിധേയരായ മൂന്ന് ജീവനക്കാരെ ഭരണസമിതി സസ്പെൻഡ് ചെയ്തു. സൊസൈറ്റി ജീവനക്കാർക്കെതിരായ ആരോപണങ്ങൾ പരിശോധിക്കാൻ ചേർന്ന ഭരണസമിതി ബോർഡ് മീറ്റിംഗിലാണ് തീരുമാനം. വലിയ വിമർശനങ്ങൾ ഉയരുന്നതിന് പിന്നാലെയാണ് ഭരണസമിതിയുടെ നടപടി.
സൊസൈറ്റി സെക്രട്ടറി റെജി എബ്രഹാം, സീനിയർ ക്ലർക്ക് സുജ മോൾ, ജൂനിയർ ക്ലർക്ക് ബിനോയ് എന്നിവർക്കാണ് സസ്പെൻഷൻ ലഭിച്ചത്. സൊസൈറ്റി ബോർഡ് മീറ്റിങ്ങിൽ ആയിരുന്നു മൂവരെയും സസ്പെൻഡ് ചെയ്തുകൊണ്ടുള്ള തീരുമാനം. സാബുവിന്റെ ആത്മഹത്യാക്കുറിപ്പിൽ മൂവരുടെയും പേരുകൾ ഉണ്ടായിരുന്നു.
ഇവർക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്താൻ അന്വേഷണ സംഘം തയ്യാറാകുന്നതിനിടയിലാണ് ഇപ്പോൾ ഭരണസമിതിയുടെ തീരുമാനം.എന്നാൽ കുറ്റക്കാരാണെന്നതിന്റെ അടിസ്ഥാനത്തിലല്ല ഇവർക്കെതിരെയുള്ള നടപടി , പകരം അന്വേഷണത്തിന്റെ ഭാഗമായാണ് ഇവരെ സസ്പെൻഡ് ചെയ്തിരിക്കുന്നതെന്നാണ് ബാങ്കിന്റെ ഭാഗത്തുനിന്നുള്ള വിശദീകരണം.
അതേസമയം, ബാങ്കിലെ മറ്റു ജീവനക്കാരുടെയെല്ലാം മൊഴിയെടുത്തിട്ടും ആരോപണ വിധേയരായവരുടെ മൊഴിയെടുക്കാൻ പൊലീസ് ഇതുവരെ എത്തിയിട്ടില്ല. ആരോപണവിധേയരായവരെ സിപിഐഎം സംരക്ഷിക്കുന്നതിനാലാണ് ഇവർക്കെതിരെ ആത്മഹത്യ പ്രേണകുറ്റം ചുമത്താൻ പൊലീസ് തയ്യാറാക്കാത്തതെന്നാണ് പൊതുവിലുള്ള ആക്ഷേപം. വിഷയത്തിൽ ബിജെപിയും കോൺഗ്രസും പ്രതിഷേധം ശക്തമാക്കാൻ ആണ് തീരുമാനം.
അന്വേഷണത്തിൻറെ ആദ്യ പടിയായി സാബുവിൻറെ ഭാര്യയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ബാങ്ക് ജീവനക്കാർ, സിപിഐഎം മുൻ ഏരിയ സെക്രട്ടറി വി ആർ സജി എന്നിവരിൽ നിന്നും സാബു നേരിട്ട ദുരനുഭവം മേരിക്കുട്ടി പൊലീസിൽ മൊഴിയായി നൽകിയിട്ടുണ്ട്.
നിക്ഷേപതുക തിരിച്ചു കിട്ടാത്തതിൽ മനംനൊന്താണ് സാബു ആത്മഹത്യ ചെയ്തത്. ഭാര്യയുടെ ചികിത്സയ്ക്കായി ആവശ്യപ്പെട്ട രണ്ട് ലക്ഷം രൂപ ബാങ്ക് നൽകിയിരുന്നില്ല. തുടർന്നും ബാങ്കിൽ എത്തിയപ്പോൾ ജീവനക്കാർ അസഭ്യം പറഞ്ഞതായും പിടിച്ചു തള്ളിയതായി ആത്മഹത്യാക്കുറിപ്പിൽ എഴുതിയിട്ടുണ്ട്.
Be the first to comment