
വേനല്‍ക്കാലത്ത് നമ്മുടെ പൊന്നോമനകളുടെ ചര്‍മത്തിന് വേണം കൂടുതല്‍ കരുതല്‍. മുതിര്‍ന്നവരെ അപേക്ഷിച്ച് വളരെ മൃദുലവും സെന്‍സിറ്റീവുമായ ചര്‍മമാണ് കുഞ്ഞുങ്ങളുടേത്. കൂടാതെ മുതിര്‍ന്നവരുടെ ചര്‍മത്തെക്കാള്‍ അഞ്ച് മടങ്ങ് വേഗത്തില്‍ കുഞ്ഞുങ്ങളുടെ ശരീരത്തില്‍ നിന്ന് ഈര്‍പം നഷ്ടപ്പെടാം.
കുഞ്ഞുങ്ങളുടെ ചര്‍മം വളര്‍ന്നുകൊണ്ടിരിക്കുന്നതാണ്. അവയ്ക്ക് ഈര്‍പത്തെ ലോക്ക് ചെയ്തു വെയ്ക്കാനാവില്ല. ഇത് വേനല്‍ക്കാലത്ത് കുഞ്ഞുങ്ങളുടെ ചര്‍മത്തില്‍ നിന്ന് ഈര്‍പം പെട്ടെന്ന് നഷ്ടപ്പെടാനും ചര്‍മത്തില്‍ ഗുരുതര പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനും കാരണമാകും.
കുഞ്ഞുങ്ങളുടെ വേനല്‍ക്കാല ചര്‍മ സംരക്ഷണം
1. എണ്ണ തേച്ചുള്ള കുളി ഒഴിവാക്കുക
കുഞ്ഞുങ്ങളെ എണ്ണ പുരട്ടി കുളിപ്പിക്കുന്നത് സാധാരണമാണ്. എന്നാല്‍ വേനല്‍ക്കാലത്ത് ഇത് അവരുടെ ചര്‍മത്തെ ദോഷകരമായി ബാധിക്കാന്‍ സാധ്യതയുണ്ട്. കാരണം, കുഞ്ഞുങ്ങളുടെ വിയര്‍പ്പ് ഗ്രന്ഥികള്‍ പൂര്‍ണമായും വികസിച്ചിട്ടില്ലാത്തതിനാല്‍ എണ്ണ കൊണ്ടുള്ള മസാജുകൾ ചര്‍മത്തിലെ സുഷിരങ്ങളെ അടയ്ക്കുകയും ചൂടു കുരുക്കള്‍ പോലുള്ള പ്രശ്‌നങ്ങൾ ഉണ്ടാകാന്‍ കാരണമാകുകയും ചെയ്യുന്നു.
ദോഷകരമായ രാസവസ്തുക്കൾ അടങ്ങിയിട്ടില്ലാത്ത ലൈറ്റായതും എണ്ണമയമില്ലാത്തതുമായ ബേബി ഓയിൽ ഉപയോഗിച്ചുള്ള മിതമായ മസാജ് കുഞ്ഞിന് സുരക്ഷിതമാണ്. വീക്കം അല്ലെങ്കില്‍ അണുബാധ തടയുന്നതിന് ഹെയര്‍ ഫോളിക്കുകളുടെ ദിശയില്‍ മിതമായി മസാജ് ചെയ്യുന്നതാണ് ഉത്തമം.
2. കുഞ്ഞുങ്ങളുടെ എങ്ങനെ കുളിപ്പിക്കണം
വേനല്‍ക്കാലത്ത് കുഞ്ഞുങ്ങളെ കുളിപ്പിക്കാന്‍ ഉപയോഗിക്കുന്ന വെള്ളം അധിക ചൂടോ തണുപ്പോ ആകാന്‍ പാടില്ല. സാധാരണ താപനിലയിലുള്ള വെള്ളത്തില്‍ കുളിപ്പിക്കുന്നതാണ് എപ്പോഴും നല്ലത്. കൂടാതെ വൈപ്പുകളുടെ ഉപയോഗം പരമാവധി കുറയ്ക്കുക. കാരണം അവയില്‍ സാധാരണയായി പ്രിസര്‍വേറ്റീവുകള്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ കുഞ്ഞുങ്ങളെ അഞ്ച് അല്ലെങ്കില്‍ പത്ത് മിനിറ്റിനുള്ളില്‍ കുളിപ്പിച്ചെടുക്കുന്നതാണ് നല്ലത്.
3. മോസ്ചറൈസിങ്
കുഞ്ഞുങ്ങളെ കുളിപ്പിച്ചെടുത്ത ശേഷം കോട്ടന്‍ തുണി ഉപയോഗിച്ച് ചര്‍മം ഒപ്പിയെടുക്കുക മാത്രമേ ചെയ്യാവൂ, തുടയ്ക്കരുത്. തുടര്‍ന്ന് മോസ്ചറൈസര്‍ ലോഷന്‍ കുഞ്ഞുങ്ങളുടെ ശരീരത്തില്‍ പുരട്ടുന്നത് അവരുടെ ചര്‍മത്തില്‍ ഈര്‍പം ലോക്ക് ചെയ്തു വെക്കാന്‍ സഹായിക്കും.
4. തുണികള്‍ തിരഞ്ഞെടുക്കുമ്പോള്‍
വേനൽക്കാലത്ത് കുഞ്ഞുങ്ങളെ വായുസഞ്ചാരമുള്ള വസ്ത്രങ്ങൾ ധരിക്കേണ്ടത് അത്യാവശ്യമാണ്.
- കോട്ടൺ പോലുള്ള തുണിത്തരങ്ങൾ തിരഞ്ഞെടുക്കുക.
- മൃദുവും മിനുസമാർന്നതുമായ ടെക്സ്ചറുകൾ തിരഞ്ഞെടുക്കുക.
- കട്ടികൂടിയ വസ്ത്രം ഒഴിവാക്കുക, ഭാരം കുറഞ്ഞതും ഒറ്റ-പാളി വസ്ത്രങ്ങളുമാണ് നല്ലത്.
- അസ്വസ്ഥതയുണ്ടാക്കുന്ന ഇറുകിയതോ സിന്തറ്റിക് വസ്ത്രങ്ങളോ വേനല്‍ക്കാലത്ത് ഉപയോഗിക്കരുത്.
5. സൂര്യപ്രകാശത്തില്‍ നിന്ന് സംരക്ഷണം
ആറു മാസത്തിൽ താഴെയുള്ള കുഞ്ഞുങ്ങളെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നതിൽ നിന്ന് ഒഴിവാക്കണം. മുതിര്‍ന്ന കുഞ്ഞുങ്ങളെ തണല്‍ ഉള്ള പ്രദേശങ്ങളില്‍ ഇരുത്തുന്നതാണ് നല്ലത്, പ്രത്യേകിച്ച് രാവിലെ 11 നും വൈകുന്നേരം നാലിനുമിടയില്‍.
Be the first to comment