സംസ്ഥാനത്തെ ക്രൈസ്തവ വിഭാഗങ്ങളുടെ പിന്നോക്കാവസ്ഥ പഠിക്കാന്‍ സര്‍ക്കാര്‍ നിയമിച്ച ജസ്റ്റിസ് ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഈ മാസം 31ന് കമ്മീഷന്റെ കാലാവധി അവസാനിക്കാനിരിക്കെയാണ് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ 500 ശിപാര്‍ശകള്‍ ഉള്‍പ്പെടുത്തി രണ്ടുഭാഗങ്ങളിലായി തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് ബുധനാഴ്ച രാവിലെ മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ചത്. മദ്രസാ അധ്യാപകരുടേതുപോലെ സണ്‍ഡേ സ്‌കൂള്‍ അധ്യാപകര്‍ക്കും ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കണമെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
പട്ടികജാതി വിഭാഗത്തില്‍ നിന്ന് ക്രിസ്തുമതം സ്വീകരിച്ചവരും തീരദേശവാസികളുമാണ് ഏറ്റവും പിന്നാക്കം നില്‍ക്കുന്നതെന്നും ഇത് പരിഹരിക്കാന്‍ പ്രത്യേകം കമ്മീഷന്‍ വേണമെന്നും വ്യക്തമാക്കുന്നു. മലയോരമേഖലയില്‍ ക്രൈസ്തവരടക്കമുള്ള എല്ലാവരും നേരിടുന്ന വന്യമൃഗ ഭീഷണിക്ക് പരിഹാരം വേണം. വന്യമൃഗ ആക്രമണങ്ങള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണം. അഞ്ച് ലക്ഷത്തോളം പരാതികളാണ് കമ്മീഷന് കിട്ടിയത്.
ജസ്റ്റിസ് ജെ ബി കോശിക്കൊപ്പം മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍ ഡോ. ജേക്കബ്ബ് പുന്നൂസ്, ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ് എന്നിവര്‍ കമ്മീഷന്‍ അംഗങ്ങളായിരുന്നു. ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതില്‍ വിവേചനമുണ്ടെന്ന ക്രൈസ്തവ സഭകളുടെ പരാതിയെ തുടര്‍ന്നായിരുന്നു രണ്ടര വര്‍ഷം മുമ്പ് ജസ്റ്റിസ് ജെ ബി കോശി കമ്മീഷനെ നിയമിച്ചത്.
Be the first to comment