എറണാകുളം: നടിയെ ആക്രമിച്ച കേസിൽ രണ്ട് ഫൊറന്‍സിക് വിദഗ്‌ധരെ വീണ്ടും വിസ്‌തരിക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി. സാക്ഷികളെ വീണ്ടും വിസ്‌തരിക്കേണ്ടത് അനിവാര്യമായ നടപടിയല്ല. വീണ്ടും വിസ്‌താരം നടത്തുന്നത് കേസിന്‍റെ വിചാരണ വൈകാന്‍ ഇടയാക്കുമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. തുടർന്നാണ് ജസ്‌റ്റിസ് സി ജയചന്ദ്രന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് പള്‍സര്‍ സുനിയുടെ ആവശ്യം തള്ളിയത്.
സാമ്പിളുകള്‍ ശേഖരിച്ച ഡോക്‌ടര്‍, ഫൊറന്‍സിക് ലബോറട്ടറി അസിസ്‌റ്റന്‍റ് ഡയറക്‌ടര്‍ എന്നിവരെ വീണ്ടും വിസ്‌തരിക്കണം എന്നായിരുന്നു ആവശ്യം. വിചാരണ കോടതി നേരത്തെ ഇതേ ആവശ്യം തള്ളിയതിനെ തുടര്‍ന്നാണ് പള്‍സര്‍ സുനി ഹൈക്കോടതിയിൽ അപ്പീല്‍ നൽകിയത്.
നിലവിൽ നടിയെ ആക്രമിച്ച കേസിൽ വിചാരണ അന്തിമ ഘട്ടത്തിലാണ്. വിചാരണ നടപടികൾ തുറന്ന കോടതിയിലാക്കണമെന്ന നടിയുടെ ഹർജിയും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ പരിഗണനയിലുണ്ട്. കേസിലെ അന്തിമ വാദം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ പുരോഗമിക്കുകയാണ്. 2017 ഫെബ്രുവരിയിലാണ് നടിയെ ആക്രമിച്ച് പൾസർ സുനിയും സംഘവും അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയത്. 2018 മാർച്ചിലാണ് കേസിന്‍റെ വിചാരണ ആരംഭിച്ചത്.
Be the first to comment