
അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നുവെന്ന പ്രഖ്യാപനവുമായി ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം സുനില്‍ ഛേത്രി. ജൂണ്‍ ആറിന് കുവൈത്തുമായി നടക്കുന്ന രാജ്യത്തിന്റെ ഫിഫ ലോക കപ്പ് യോഗ്യതാ മത്സരത്തിന് ശേഷം അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കുമെന്ന് ഇന്ത്യൻ ഫുട്ബോളിൻ്റെ ക്യാപ്റ്റൻ കൂടിയായ സുനിൽ ഛേത്രി സമൂഹമാധ്യമമായ എക്‌സിലൂടെ പങ്കുവെച്ചു.
I’d like to say something… pic.twitter.com/xwXbDi95WV
— Sunil Chhetri (@chetrisunil11) May 16, 2024
കൊൽക്കത്തയിലാണ് അവസാന മത്സരം നടക്കുന്നത്. 2005 ജൂണ്‍ 12ന് പാകിസ്താനെതിരെ നടന്ന മത്സരമാണ് സുനിലിന്റെ ആദ്യ അന്താരാഷ്ട്ര മത്സരം. ഇതേ മത്സരത്തില്‍ അദ്ദേഹം തന്റെ ആദ്യ ഗോളും കരസ്ഥമാക്കി. ഇന്ത്യക്കായി ഏറ്റവും കൂടുതൽ ഗോള്‍ നേടിയ താരം കൂടിയാണ് സുനിൽ. നിലവിലെ സജീവ കളിക്കാരില്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ഗോളുകള്‍ നേടിയവരില്‍ മൂന്നാം സ്ഥാനത്താണ് സുനില്‍.
പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും അര്‍ജന്റീനന്‍ താരം ലയണല്‍ മെസിയുമാണ് ഒന്നും രണ്ടും സ്ഥാനത്ത്. 2011ല്‍ അര്‍ജുന അവാര്‍ഡും 2019ല്‍ പത്മശ്രീ പുരസ്‌കാരവും നേടിയ സുനില്‍ ഛേത്രി ആറ് തവണ എഐഎഫ്എഫ് പ്ലെയര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡും കരസ്ഥമാക്കിയിട്ടുണ്ട്. 2008ലെ എഎഫ്‌സി ചലഞ്ച് കപ്പ്, 2011ലെയും 2015ലെയും എസ്എഎഫ്എഫ് ചാമ്പ്യന്‍ഷിപ്പ്, 2007,2009, 2012 വര്‍ങ്ങളിലെ നെഹ്‌റു കപ്പ് 2017ലെയും 2018ലെയും അന്താരാഷ്ട്ര കപ്പ് തുടങ്ങിയ മത്സരങ്ങളില്‍ അദ്ദേഹം ഇന്ത്യയുടെ ഭാഗമായിരുന്നു.
Be the first to comment