ഡ്രൈ ഡേ ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ടുവെന്ന് ബാറുടമ സംഘടനാ നേതാവ് സുനിൽകുമാർ

തിരുവനന്തപുരം: ഡ്രൈ ഡേ ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ടുവെന്ന് ബാറുടമ സംഘടനാ നേതാവ് സുനിൽകുമാർ. ലൈസൻസ് ഫീസ് കുറക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി. ബാർ പ്രവർത്തന സമയം കൂട്ടണമെന്നും ബാറുകളുടെ എണ്ണം നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ടുവെന്നും സുനിൽ കുമാറിൻ്റെ സ്ഥിരീകരണം.

ഡ്രൈ ഡേ ആർക്കും ആവശ്യമില്ലാത്ത കാര്യമെന്ന് ചൂണ്ടിക്കാണിച്ച സുനിൽ കുമാർ മദ്യനയം വന്നില്ലെങ്കിലും ലൈസൻസ് ഫീസ് കൂട്ടിയിട്ടുണ്ടെന്നും സുനിൽ കുമാർ പറഞ്ഞു. പുതിയ ബാറുകൾക്ക് അനുമതി നൽകുന്നതിൽ മാനദണ്ഡം കൊണ്ട് വരണം. കുടിക്കുന്നവർ എന്നായാലും കുടിക്കും. അവർക്ക് ഡ്രൈ ഡേ തടസമല്ല. ബാറുകളുടെ പ്രവർത്തന സമയം 10 മണി മുതൽ 12 വരെ നീട്ടണമെന്നും സുനിൽ കുമാർ ആവശ്യപ്പെട്ടു. ഡ്രൈ ഡേ ഒഴിവാക്കണമെന്നത് 2017 മുതലുള്ള ആവശ്യമാണെന്നും സുനിൽ കുമാർ ചൂണ്ടിക്കാണിച്ചു.

ബാർ കോഴ വിവാദവുമായി ബന്ധപ്പെട്ട്, കോൺ​ഗ്രസ് നേതാവും മുൻ മന്ത്രിയുമായ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകൻ അർജുൻ രാധാകൃഷ്ണന് നേരത്തെ ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചിരുന്നു. വെള്ളിയാഴ്ച തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്താനാണ് നിർദ്ദേശം. ഇടുക്കിയിലെ ബാറുമകളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അർജുൻ അംഗമാണെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. അർജുൻ രാധാകൃഷ്ണന്റെ ഭാര്യാ പിതാവ് ബാർ ഉടമയാണ്. മൂന്ന് പ്രാവശ്യം ഫോൺ വിളിച്ചിട്ടും അർജുൻ അന്വേഷണവുമായി സഹകരിച്ചില്ല. സഹകരിക്കാത്തത് കൊണ്ടാണ് നോട്ടീസ് നൽകിയതെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരുന്നു.

മദ്യനയത്തിന് ഇളവുനൽകാൻ സംസ്ഥാന സർക്കാരിന് കോഴ നൽകാൻ ബാർ ഉടമകൾ പിരിവെടുത്തെന്ന ആരോപണമാണ് വിവാദത്തിന് അടിസ്ഥാനം. പണം ആവശ്യപ്പെട്ടുകൊണ്ട് ബാർ ഉടമ അനിമോൻ ബാർ ഉടമകളുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അയച്ച ശബ്ദസന്ദേശം പുറത്തു വന്നിരുന്നു. ഡ്രൈ ഡേ പിന്‍വലിക്കല്‍, ബാര്‍ പ്രവര്‍ത്തന സമയം കൂട്ടല്‍ തുടങ്ങിയവ സര്‍ക്കാര്‍ ചെയ്തു തരുമ്പോള്‍ തിരികെ എന്തെങ്കിലും ചെയ്യണം അതിനായി പണപ്പിരിവ് വേണമെന്നായിരുന്നു ബാറുടമ അനിമോന്റെ ശബ്ദ സന്ദേശത്തില്‍ ഉണ്ടായിരുന്നത്. എന്നാൽ ബാർ ഉടമകളുടെ സംഘടന ഈ ആരോപണം നിഷേധിച്ചിരുന്നു. തിരുവനന്തപുരത്ത് സംഘടനയുടെ ഓഫീസ് കെട്ടിടം പണിയാനാണ് പണപ്പിരിവ് നടത്തിയതെന്നും സംഘടനയിലെ അഭിപ്രായവ്യത്യാസങ്ങളാണ് വിവാദത്തിന് കാരണമെന്നുമാണ് ഭാരവാഹികളുടെ നിലപാട്. പിന്നാലെ ശബ്ദ സന്ദേശത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാരും രംഗത്തെത്തുകയായിരുന്നു. അങ്ങനെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയതും പലരുടെയും മൊഴിയെടുക്കൽ തുടരുന്നതും.

Be the first to comment

Leave a Reply

Your email address will not be published.


*