നീറ്റ് പരീക്ഷ റദ്ദാക്കില്ല; കള്ളപ്രചാരണവും രാഷ്ട്രീയവും ഒഴിവാക്കണമെന്നും കേന്ദ്രമന്ത്രി

ഡൽഹി: ക്രമക്കേട് ആരോപണം ഉയർന്ന നീറ്റ് പരീക്ഷ റദ്ദാക്കില്ലെന്ന് കേന്ദ്ര വിദ്യഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ. വിഷയം ഉന്നത തല സമിതി പരിശോധിക്കും. എൻടിഎയുടെ സുതാര്യത ഉറപ്പാക്കാൻ പ്രത്യേക സമിതി രൂപീകരിക്കും. വിദ്യാർത്ഥികളുടെ താല്പര്യം സംരക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു.

ഏത് ഉന്നതരായാലും കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകും. ഒറ്റപ്പെട്ട സംഭവത്തിന്റെ പേരിൽ വിദ്യാർത്ഥികളുടെ ഭാവി അപകടത്തിലാക്കരുത്. കള്ളപ്രചാരണവും രാഷ്ട്രീയവും ഒഴിവാക്കണം. നീറ്റ് , നെറ്റ് വിഷയങ്ങൾ വ്യത്യസ്തമാണ്. നെറ്റ് ചോദ്യപേപ്പർ ടെല​ഗ്രാമിൽ വന്നതായി വിവരം കിട്ടി. ബിഹാർ സർക്കാര്‍ ചില വിവരങ്ങൾ നൽകിയിട്ടുണ്ട്. നെറ്റ് പരീക്ഷ റദ്ദാക്കി. അതിൽ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ബിഹാറില്‍ നാല് വിദ്യാര്‍ത്ഥികള്‍ കൂടി അറസ്റ്റിലായിട്ടുണ്ട്. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ഗുരുതരമായ വെളിപ്പെടുത്തലാണ് ചോദ്യം ചെയ്യലുകളില്‍ പുറത്ത് വരുന്നത്. ചോദ്യപ്പേപ്പര്‍ ചോര്‍ന്ന് കിട്ടിയതായി വിദ്യാര്‍ത്ഥികള്‍ സമ്മതിച്ചു. പരീക്ഷയ്ക്ക് തലേദിവസം ചോദ്യ പേപ്പറുകളും ഉത്തരങ്ങളും ലഭിച്ചു എന്നാണ് വിദ്യാര്‍ത്ഥികളുടെ മൊഴി. പലര്‍ക്കും അടുത്ത ബന്ധുക്കള്‍ വഴിയാണ് ചോദ്യ പേപ്പറുകള്‍ ലഭിച്ചത്. മൊത്തം 17 പേരെ നീറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട് ബിഹാറില്‍ മാത്രം അറസ്റ്റ് ചെയ്തു.

രാജ്യം ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലങ്ങളിലേക്ക് ഉറ്റുനോക്കിയ ജൂണ്‍ നാലിനാണ് നീറ്റ് ഫലം പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ തവണ നീറ്റ് പരീക്ഷ എഴുതിയവരില്‍ രണ്ടുപേര്‍ മാത്രം മുഴുവന്‍ മാര്‍ക്ക് നേടിയപ്പോള്‍ ഇത്തവണ 67 പേര്‍ക്കാണ് ഒന്നാം റാങ്ക് കിട്ടിയത്. ഇതില്‍ ഏഴു പേര്‍ ഒരേ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ചവരായിരുന്നു. ഈ അസ്വാഭാവികതയാണ് വിവാദത്തിന് അടിസ്ഥാനമായതും അന്വേഷണത്തിലേക്ക് നീണ്ടതും. 23 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ എഴുതിയ പരീക്ഷയില്‍ കേരളത്തില്‍ നിന്ന് മാത്രം യോഗ്യത നേടിയത് 86,681 കുട്ടികളാണ്. സര്‍ക്കാര്‍-സ്വകാര്യ മേഖലയിലായി ആകെ ലഭ്യമായ സീറ്റ് ഒരു ലക്ഷത്തിന് അടുത്താണ്. സംസ്ഥാനത്ത് ഇത് 1500ല്‍ താഴെ മാത്രമാണ്. ഇന്ത്യയിലെ ഏറ്റവും ദുഷ്‌കരമായ പരീക്ഷ പാസായിട്ടും ഉപരിപഠനം ഇവര്‍ക്ക് മുന്നില്‍ വലിയ ചോദ്യ ചിഹ്നമാണ്.

പുനര്‍ മൂല്യനിര്‍ണയമോ പുനഃപരീക്ഷയോ നടത്തണം എന്നുള്ളതായിരുന്നു വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം. 2023-ലെ നീറ്റ് പരീക്ഷയില്‍ 3 വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് 716 മാര്‍ക്ക് ലഭിച്ചത്, ഇത്തവണ 72 പേര്‍ക്ക് 716 മാര്‍ക്ക് കിട്ടി. 706 മാര്‍ക്കുള്ള 88 വിദ്യാര്‍ഥികളാണ് 2023ലുണ്ടായിരുന്നത്. ഇത്തവണ 812 ആയി പത്തുമടങ്ങ് വര്‍ധിച്ചു, 650 മാര്‍ക്കുള്ള 7228 കുട്ടികള്‍ മാത്രമാണ് കഴിഞ്ഞ വര്‍ഷമുണ്ടായിരുന്നത്, ഇത്തവണ 650 മാര്‍ക്കു വാങ്ങിയവരുടെ എണ്ണത്തില്‍ 3 ഇരട്ടി വര്‍ധനയുണ്ടായി, ഇതോടെ 650ല്‍ താഴെ മാര്‍ക്കുവാങ്ങിയവര്‍ റാങ്ക് ലിസ്റ്റില്‍ പിന്നിലായി. പരീക്ഷയെഴുതാന്‍ നിശ്ചിത സമയം ലഭിക്കാതിരുന്ന സെന്ററുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് ഗ്രേസ് മാര്‍ക്ക് നല്‍കിയത്. എന്നാല്‍ നീറ്റ് പരീക്ഷയില്‍ ഈ രീതിയില്‍ മാര്‍ക്ക് നല്‍കാന്‍ വ്യവസ്ഥയില്ല.

Be the first to comment

Leave a Reply

Your email address will not be published.


*