
ബഹിരാകാശ സഞ്ചാരിയും ഇന്ത്യന്‍ വംശജയുമായ സുനിത വില്യംസിന്റെയും സഹയാത്രികനായ ബച്ച് വില്‍മോറിന്റെയും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍നിന്നുള്ള തിരിച്ചുവരവില്‍ ശുഭസൂചന. അടുത്ത മാസം പകുതിയോടെ ഇരുവര്‍ക്കും തിരിച്ചു വരാന്‍ സാധിക്കുമെന്നാണ് പുറത്ത് വരുന്ന പുതിയ റിപ്പോര്‍ട്ട്. നിലവില്‍ സഞ്ചാര പേടകമായ ബോയിങ് സ്റ്റാര്‍ലൈനറിന്റെ സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത് തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ജൂണ്‍ ആറിനാണ് സുനിത വില്യംസും ബച്ച് വില്‍മോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്.
ഒരാഴ്ചത്തെ യാത്ര ഷെഡ്യൂള്‍ ചെയ്തിട്ടാണ് ഇരുവരും ബഹിരാകാശ യാത്ര നടത്തിയതെങ്കിലും സാങ്കേതിക തകരാറുകള്‍ കാരണം രണ്ട് വട്ടം യാത്ര മാറ്റിവെക്കുകയായിരുന്നു. ജൂണ്‍13നായിരുന്നു സുനിതയുടെയും വില്‍മോറിന്റെയും മടക്കയാത്ര ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ സ്പേസ് ബഗ് അണുബാധയും മറ്റ് സാങ്കേതിക പ്രശ്നങ്ങളും മുന്‍നിര്‍ത്തി യാത്ര രണ്ടാഴ്ചത്തേക്കു മാറ്റിവെച്ചു. തുടര്‍ന്ന് ജൂണ്‍ 26ന് യാത്ര തീരുമാനിച്ചെങ്കിലും പേടകത്തിലെ ഹീലിയം വാതകം ചോര്‍ച്ച കാരണം അതും മാറ്റിവെക്കുകയായിരുന്നു.
അതേസമയം സ്റ്റാര്‍ലൈനര്‍ പ്രതീക്ഷിക്കുന്നത് പോലെ പ്രവര്‍ത്തിക്കുമെന്ന് ഉറപ്പാക്കാനുള്ള പരിശോധനകള്‍ തുടരുകയാണെന്ന് നാസ അറിയിച്ചു. അടിയന്തരമായ യാത്രയ്ക്ക് പേടകം സുരക്ഷിതമാണെന്ന ഉറപ്പ് നാസയ്ക്കുണ്ടെങ്കിലും തിരിച്ചു വരവിന്റെ കൃത്യം തീയതി നാസ അറിയിച്ചിട്ടില്ല. ”ജൂലൈ അവസാനത്തോടെ തിരിച്ചുവരാമെന്ന ശുഭാപ്തി വിശ്വാസം ചില ഡാറ്റകള്‍ തരുന്നുണ്ടെങ്കിലും ഓരോ സമയത്തും ഞങ്ങള്‍ ഡാറ്റകള്‍ പരിശോധിക്കുന്നുണ്ട്. മടക്ക യാത്രയുടെ തയ്യാറെടുപ്പ് ഉള്‍പ്പെടെ ഞങ്ങളുടെ പ്രക്രിയകളിലൂടെ ഞങ്ങള്‍ പ്രവര്‍ത്തിക്കാന്‍ പോകുകയാണ്,” നാസയുടെ കൊമോഴ്സ്യല്‍ ക്രൂ പ്രോഗ്രാം മാനേജര്‍ സ്റ്റീവ് സ്റ്റിച്ച് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സുനിതയ്ക്കും ബച്ച് വില്‍മോറിനെയും കൂടാതെ ബഹിരാകാശ നിലയത്തില്‍ സാധാരണയുള്ള ഏഴ് പേര്‍ക്കും ആവശ്യത്തിനുള്ള വിഭവങ്ങള്‍ ലഭ്യമാണെന്നും ആര്‍ക്കും അപകട സാധ്യതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ന്യൂ മെക്‌സിക്കോയിലെ നാസയുടെ വൈറ്റ് സാന്‍ഡ്‌സ് ഫെസിലിറ്റിയില്‍ റെപ്ലിക്ക ത്രസ്റ്ററുകളുടെ വിലയിരുത്തലുകള്‍ നടത്താന്‍ എഞ്ചിനീയര്‍മാര്‍ക്ക് സമയം നല്‍കിയെന്നും ഈ ആഴ്ച അവസാനത്തോടെ ഹീലിയം വാതക ചോര്‍ച്ച പരിഹരിക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിലെ പരിശോധനകള്‍ വിജയകരമായി അവസാനിക്കുകയാണെങ്കില്‍ നാസയുടെ വാണിജ്യ ക്രൂ പ്രോഗ്രാമിന്റെ ഭാഗമായി ബഹിരാകാശ നിലയത്തിലേക്കുള്ള ആറ് യാത്രകള്‍ സ്റ്റാര്‍ലൈനര്‍ നടത്തും. അതേസമയം, സുനിതാ വില്യംസിന്റെയും ബുച്ച് വില്‍മോറിന്റെയും ബഹിരാകാശ നിലയിത്തില്‍ നിന്നുള്ള വാര്‍ത്താ സമ്മേളനവും നാസ പുറത്ത് വിട്ടിട്ടുണ്ട്.
ബഹിരാകാശത്ത് നിന്നുള്ള അധിക സമയം തങ്ങള്‍ രണ്ട് പേരും ആസ്വദിക്കുകയാണെന്നും സാങ്കേതിക പ്രശ്‌നങ്ങളില്‍ ആശങ്കയില്ലെന്നും ബുച്ച് വില്‍മോര്‍ പറയുന്നു. ”ഇത് പരീക്ഷണങ്ങളുടെ ലോകമാണ്. ഇതൊരു കഠിനമായ വ്യാപാരമാണ്. ഒരു ഭരണത്തിലും ബഹിരാകാശ യാത്ര എളുപ്പമാകില്ല. ഇതുവരെ രൂപകല്‍പ്പന ചെയ്തിട്ടുള്ള എല്ലാ ബഹിരാകാശ പേടകങ്ങളിലും എന്തെങ്കിലും പ്രശ്‌നമുണ്ടായിരിക്കും,” അദ്ദേഹം പറഞ്ഞു. ബോയിങ്ങിന്റെ സമഗ്രതയില്‍ വിശ്വാസമുണ്ടെന്നും അവരുടെ സാങ്കേതിക മികവില്‍ വിശ്വസിക്കുന്നുണ്ടെന്നും സുനിതയും കൂട്ടിച്ചേർത്തു.
Be the first to comment