
ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് സൂപ്പര്‍ ക്ലൈമാക്‌സ്. യൂറോപ്പിന്റെ ഫുട്‌ബോള്‍ രാജാക്കന്മാരുടെ കിരീടപ്പോരാട്ടത്തിനായി ജര്‍മ്മന്‍ കരുത്തരായ ബൊറൂസിയ ഡോര്‍ട്ട്മുണ്ടും സ്പാനിഷ് അതികായരായ റയല്‍ മാഡ്രിഡും നേര്‍ക്കുനേര്‍ ഇറങ്ങും. ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തില്‍ രാത്രി 12.30നാണ് കിക്കോഫ്. 15-ാം ചാമ്പ്യന്‍സ് ലീഗ് കിരീടം ലക്ഷ്യമിട്ടാണ് റയല്‍ മാഡ്രിഡിന്റെ വരവ്.
ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡിന്റെ പടയോട്ടത്തിന് കടിഞ്ഞാണിടാന്‍ ഡോര്‍ട്ട്മുണ്ടിന് കഴിയുമോയെന്ന് കണ്ടുതന്നെയറിയണം. സീസണില്‍ തോല്‍വിയറിയാതെയാണ് കാര്‍ലോ ആഞ്ചലോട്ടിയും സംഘവും കലാശപ്പോരിനെത്തിയത്. ലാ ലീഗയില്‍ ചാമ്പ്യന്മാരായതിന്റെയും ചെറുതല്ലാത്ത ആത്മവിശ്വാസം റയലിനുണ്ട്. വിരമിക്കല്‍ പ്രഖ്യാപിച്ച മധ്യനിര താരം ടോണി ക്രൂസിന് റയലിനൊപ്പമുള്ള അവസാനത്തെ മത്സരമായിരിക്കും ഇത്.
അതുകൊണ്ട് തന്നെ കിരീടനേട്ടത്തോടെ താരത്തിന് യാത്രയയപ്പ് നല്‍കാനായിരിക്കും റയല്‍ ലക്ഷ്യമിടുക. അതേസമയം സീസണില്‍ അത്ഭുതക്കുതിപ്പ് നടത്തിയാണ് ഡോര്‍ട്ട്മുണ്ട് വെംബ്ലിയിലെത്തിയത്. ചാമ്പ്യന്‍സ് ലീഗ് സീസണില്‍ പരാജയമറിഞ്ഞത് കേവലം ഒരു മത്സരത്തില്‍ മാത്രം. ഫ്രഞ്ച് ഭീമന്മാരായ പിഎസ്ജിയെ തകര്‍ത്ത് ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചതിന്റെ ആത്മവിശ്വാസവും വേറെ. ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് ഡോര്‍ട്ട്മുണ്ട് പിഎസ്ജിയെ പരാജയപ്പെടുത്തിയത്.
Be the first to comment