ഓണക്കാലത്ത് സപ്ലൈക്കോയ്ക്ക് 123. 56 കോടിയുടെ വിറ്റുവരവ്; സാധനങ്ങള്‍ വാങ്ങാന്‍ സപ്ലൈക്കോയെ ആശ്രയിച്ചത് 26.24 ലക്ഷം പേര്‍

ഓണക്കാലത്ത് വമ്പന്‍ നേട്ടം കൊയ്ത് സപ്ലൈക്കോ. 123. 56 കോടിയുടെ വിറ്റുവരവാണ് സപ്ലൈക്കോ നേടിയത്. സെപ്റ്റംബര്‍ ഒന്നു മുതല്‍ ഉത്രാട ദിവസം വരെയുള്ള കണക്കാണിത്. ഇതില്‍ 66.83 കോടി രൂപ സബ്‌സിഡി സാധനങ്ങളുടെ വിറ്റുവരവിലൂടെ നേടിയതാണ്. സബ്‌സിഡിയിതര സാധനങ്ങളിലൂടെ ലഭിച്ചത് 56.73 കോടി രൂപയാണ്. 26.24 ലക്ഷം പേര്‍ സാധനങ്ങള്‍ വാങ്ങാന്‍ സപ്ലൈകോ ഔട്ട്‌ലെറ്റുകളെ ആശ്രയിച്ചു.

ഓണത്തോടനുബന്ധിച്ചു നടത്തിയ ജില്ലാ ഫെയറുകളും വന്‍ വിജയമായിരുന്നു. 14 ജില്ലാ ഫെയറുകളില്‍ നിന്ന് 4.03 കോടി രൂപയുടെ വിറ്റുവരവ് ഉണ്ടായി.

ഓണത്തോടനുബന്ധിച്ച് പ്രമുഖ ബ്രാന്‍ഡുകളുടെ 200 ലധികം നിത്യോപയോഗ സാധനങ്ങള്‍ക്ക് വന്‍വിലക്കുറവ് നല്‍കിയാണ് സപ്ലൈകോ ഓണം മാര്‍ക്കറ്റുകളില്‍ എത്തിയത്. സെപ്റ്റംബര്‍ 6 മുതല്‍ 14 വരെ ജില്ലാതല ഫെയറുകളും സെപ്റ്റംബര്‍ 10 മുതല്‍ 14 വരെ താലൂക്ക് / നിയോജകമണ്ഡലാടിസ്ഥാനത്തിലുള്ള ഫെയറുകളും നടന്നു. 13 ഇനം സബ്‌സിഡി സാധനങ്ങള്‍ക്ക് പുറമെ ശബരി ഉല്‍പ്പന്നങ്ങള്‍, എഫ്എംസിജി ഉത്പന്നങ്ങള്‍ എന്നിവ 10 മുതല്‍ 50 ശതമാനം വരെ വിലക്കുറവില്‍ ഓണം ഫെയറുകളിലൂടെ ലഭ്യമാക്കിയിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*