ഓണം ഫെയറുമായി സപ്ലൈകോ; ഉത്പന്നങ്ങള്‍ക്ക് 10 മുതല്‍ 50 ശതമാനം വരെ വിലക്കുറവ്

തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് സപ്ലൈകോ സംസ്ഥാന വ്യാപകമായി ഈ മാസം അഞ്ച് മുതല്‍ 14 വരെ ഓണം ഫെയറുകള്‍ സംഘടിപ്പിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഓണം ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം 5ന് വൈകിട്ട് 5 മണിക്ക് കിഴക്കേകോട്ട ഇ.കെ. നായനാര്‍ പാര്‍ക്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

ആറ് മുതല്‍ 14 വരെ ജില്ലാതല ഫെയറുകളും, 10 മുതല്‍ 14 വരെ താലൂക്ക് / നിയോജകമണ്ഡലാടിസ്ഥാനത്തിലുള്ള ഫെയറുകളും നടക്കും. 13 ഇനം സബ്സിഡി സാധനങ്ങള്‍ക്ക് പുറമെ ശബരി ഉത്പന്നങ്ങള്‍, എഫ്എംസിജി ഉത്പന്നങ്ങള്‍ എന്നിവ 10 മുതല്‍ 50 ശതമാനം വരെ വിലക്കുറവില്‍ ഓണം ഫെയറുകളിലൂടെ ലഭിക്കും. ഓണക്കാലത്തെ വിപണി ഇടപെടലിനായുള്ള 13 ഇനം സബ്സിഡി സാധനങ്ങളുടെ ടെൻഡര്‍ നടപടികള്‍ സപ്ലൈകോ പൂര്‍ത്തിയാക്കി. 13 ഇനം ആവശ്യസാധനങ്ങളുടെ ലഭ്യത സപ്ലൈകോയുടെ എല്ലാ ഓണം ഫെയറുകളിലും മറ്റ് ഔട്ട്‌ലെറ്റുകളിലും ഉറപ്പാക്കും. ഓണക്കാല വിപണി ഇടപെടലിനായി 300 കോടി രൂപ വിലമതിക്കുന്ന അവശ്യസാധനങ്ങള്‍ക്ക് സപ്ലൈകോ പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കി.

നിലവില്‍ സപ്ലൈകോ വിൽപ്പന ശാലകളില്‍ ദൗര്‍ലഭ്യം നേരിട്ടിരുന്ന പഞ്ചസാര ഓണത്തോടനുബന്ധിച്ച് എല്ലാ വില്‍പ്പന ശാലകളിലും എത്തിക്കും. പ്രമുഖ ബ്രാന്‍ഡുകളുടെ 200ലധികം നിത്യോപയോഗ സാധനങ്ങള്‍ക്ക് വന്‍വിലക്കുറവ് നല്‍കിയാണ് സപ്ലൈകോ ഓണം മാര്‍ക്കറ്റുകളില്‍ എത്തിക്കുന്നത്. നെയ്യ്, തേന്‍, കറിമസാലകള്‍, മറ്റു ബ്രാന്‍ഡഡ് ഭക്ഷ്യ ഉത്പന്നങ്ങള്‍, പ്രധാന ബ്രാന്‍ഡുകളുടെ ഡിറ്റര്‍ജെന്‍റുകള്‍, ഫ്ലോര്‍ ക്ലീനറുകള്‍, ടോയ്‌ലറ്ററീസ് തുടങ്ങിയ ഉത്പന്നങ്ങള്‍ക്ക് 45% വിലക്കുറവ് നല്‍കും. 255 രൂപയുടെ ആറ് ശബരി ഉത്പന്നങ്ങള്‍ 189 രൂപയ്ക്ക് നല്‍കുന്ന ശബരി സിഗ്നേച്ചര്‍ കിറ്റ് എന്ന പ്രത്യേക പാക്കെജും ഉണ്ടാവും. വിവിധ ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ക്ക് നിലവിലെ വിലക്കുറവിന് പുറമേ 10% വരെ അധിക വിലക്കുറവ് നല്‍കുന്ന ഡീപ്പ് ഡിസ്കൗണ്ട് അവേഴ്സ് സ്കീം നടപ്പാക്കും. ഉച്ചയ്ക്ക് 2 മണി മുതല്‍ 4 വരെ ആയിരിക്കുമിത്. പ്രമുഖ ബ്രാന്‍ഡഡ് ഉല്‍പന്നങ്ങള്‍ക്ക് ആകര്‍ഷകമായ കോംപോ ഓഫറുകളും ബൈ വണ്‍ ഗെറ്റ് വണ്‍ ഓഫറും ലഭ്യമാണ്.

തിരുവനന്തപുരം ജില്ലയില്‍ ഓണത്തിനു മുമ്പ് സപ്ലൈകോയുടെ അഞ്ച് പുതിയ വില്‍പ്പന ശാലകള്‍ ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു. മഞ്ഞ കാര്‍ഡുകാര്‍ക്ക് സപ്ലൈകോ വഴിയുള്ള ഓണക്കിറ്റ് വിതരണത്തിനായി 34.29 കോടി രൂപ സര്‍ക്കാര്‍ ചെലവഴിക്കും. സംസ്ഥാനത്തെ എല്ലാ എന്‍പിഎസ് (നീല), എന്‍പിഎന്‍എസ് (വെള്ള) കാര്‍ഡുടമകള്‍ക്കും 10 കിലോ അരി 10.90 രൂപ നിരക്കില്‍ സ്പെഷ്യലായി വിതരണം ചെയ്യും. സെപ്റ്റംബര്‍ മാസത്തെ റേഷനോടൊപ്പമാണ് മുന്‍ഗണനേതര വിഭാഗക്കാര്‍ക്ക് സ്പെഷ്യല്‍ അരി ലഭ്യമാകുന്നത്. സംസ്ഥാനത്തെ 22.62 ലക്ഷം നീല കാര്‍ഡുകാര്‍ക്കും 29.76 ലക്ഷം വെള്ള കാര്‍ഡുകാര്‍ക്കും ഉള്‍പ്പെടെ ആകെ 52.38 ലക്ഷം കാര്‍ഡുടമകള്‍ക്ക് പ്രയോജനം ലഭിക്കും. സപ്ലൈകോ മുഖേന നിലവില്‍ നല്‍കുന്ന അരി ഓണത്തോടനുബന്ധിച്ച് 10 കിലോ ആയി വര്‍ധിപ്പിക്കും. മഞ്ഞ കാര്‍ഡുടമകള്‍ക്ക് നല്‍കി വന്നിരുന്ന ഒരു കിലോ പഞ്ചസാര വിതരണം പുനരാരംഭിക്കും.

സംസ്ഥാന സര്‍ക്കാരിന്‍റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് തയാറാക്കിയിട്ടുള്ള 100 ദിന കര്‍മ പരിപാടിയുടെ ഭാഗമായി നാളെ കെ സ്റ്റോര്‍ എന്ന പദ്ധതി പൂര്‍ത്തിയാകുമെന്ന് മന്ത്രി പറഞ്ഞു.

 

Be the first to comment

Leave a Reply

Your email address will not be published.


*