ഡൽഹിയിൽ തുടർച്ചയായി ഉണ്ടാകുന്ന വായു മലിനീകരണത്തിന്റെ പശ്ചാത്തലത്തിൽ പടക്കങ്ങൾ ശാശ്വതമായി നിരോധിക്കണമെന്ന് സുപ്രീംകോടതിയുടെ നിർദ്ദേശം. ഡൽഹി സർക്കാരിനും പൊലീസ് കമ്മീഷണർക്കും സുപ്രീംകോടതിയുടെ നോട്ടീസ് നൽകി. പടക്ക നിരോധനം നടപ്പാക്കാത്തതിനാണ് നോട്ടീസ് നൽകിയത്. ഒരാഴ്ചയ്ക്കകം സത്യവാങ്മൂലം സമർപ്പിക്കാൻ നിർദ്ദേശമുണ്ട്.
നിരോധനം ഉണ്ടായിട്ടും ദീപാവലി ദിനത്തിൽ എന്താണ് സംഭവിച്ചത് എന്ന് കോടതി സർക്കാരിനോട് ചോദിച്ചു. ദീപാവലി ആഘോഷങ്ങൾക്കിടെയുണ്ടായ തീപിടുത്തതിലും കോടതി വിശദീകരണം തേടിയിട്ടുണ്ട്. ഈ മാസം 14ന് കേസ് വീണ്ടും പരിഗണിക്കും.
അതേസമയം, ഡൽഹിയിലെ വായു മലിനീകരണത്തിൽ കടുത്ത നടപടികളുമായി ഡൽഹി സർക്കാർ എത്തിയിരുന്നു. മലിനീകരണ നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയ വാഹനങ്ങൾക്ക് നേരെ പിഴ ചുമത്തിയിരുന്നു. മലിനീകരണ സർട്ടിഫിക്കറ്റ് ഇല്ലാത്ത 54, 000 വാഹനങ്ങൾക്കും 56 നിർമ്മാണ സൈറ്റുകൾ അടച്ചു പൂട്ടാനും 597 നിർമ്മാണ സൈറ്റുകൾക്ക് പിഴ ചുമത്തി. ഡൽഹിയിൽ വായു മലിനീകരണം പ്രതിദിനം അതിരൂക്ഷമായി തുടരുകയാണ്. ആർ കെ പുരം , ലോധി റോഡ് , ദ്വാരക തുടങ്ങി ഡൽഹിയില പ്രധാനപ്പെട്ട നഗരമേഖലകളിൽ വായു ഗുണനിലവാര തോത് 380ന് മുകളിലാണ്. വായു മലിനീകരണം രൂക്ഷമാകുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിലും കടുത്ത നിയന്ത്രണങ്ങൾ ഉണ്ടാകാനാണ് സാധ്യത.
Be the first to comment