
ന്യൂഡല്‍ഹി: മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് ആനകളെ കൊണ്ടുവരുന്നത് തടഞ്ഞ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. മാവേലിക്കര വസൂരിമാല ഭഗവതിക്ഷേത്രം ഭാരവാഹികള്‍ നല്കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനും കോടതി നോട്ടീസ് അയച്ചു.
ക്ഷേത്രം ഭാരവാഹികള്‍ നേരത്തെ ഉത്സവത്തിനായി ത്രിപുരയില്‍ നിന്നും ആനയെ കൊണ്ടു വരാന്‍ നീക്കം നടത്തിയിരുന്നു. ഇതിനെതിരെ ആന പ്രേമികള്‍ ഹൈക്കോടതിയെ സമീപിച്ചു. ഇതേത്തുടര്‍ന്നാണ് ഹൈക്കോടതി വേറെ സംസ്ഥാനത്തു നിന്നും ആനയെ കൊണ്ടു വരുന്നത് തടഞ്ഞ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് ക്ഷേത്രം ഭാരവാഹികള്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹര്‍ജി ഫയലില്‍ സ്വീകരിച്ചുകൊണ്ടാണ്, ഹൈക്കോടതിയുടെ ഉത്തരവില്‍ സുപ്രീംകോടതി താല്‍ക്കാലിക സ്റ്റേ അനുവദിച്ചത്. സംസ്ഥാനത്ത് നാട്ടാന പരിപാലനച്ചട്ടം ലംഘിക്കുന്നു, 7 വര്‍ഷത്തിനിടെ 154 നാട്ടാനകള്‍ ചരിഞ്ഞു എന്നീ നിരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്.
Be the first to comment