
ന്യൂഡല്‍ഹി: ജനങ്ങളുടെ മൗലികാവകാശങ്ങളെക്കുറിച്ചു കൂടി ഇഡി ചിന്തിക്കണമെന്ന് സുപ്രീംകോടതി. നാഗരിക് അപൂര്‍ണി നിഗം അഴിമതി കേസ് ഛത്തീസ്ഗഡില്‍ നിന്ന് ന്യൂഡല്‍ഹിയിലേയ്ക്ക് മാറ്റണമെന്ന ആവശ്യത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു പരാമര്‍ശം. മൗലികാവകാശം ലംഘിക്കപ്പെട്ടാല്‍ വ്യക്തികള്‍ക്കു കോടതിയെ സമീപിക്കാന്‍ അധികാരം നല്കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 32 പ്രകാരം ഇഡി റിട്ട് ഹര്‍ജി ഫയല്‍ ചെയ്തതെങ്ങനെയെന്ന് ജസ്റ്റിസ് അഭയ് എസ് ഓക്ക, ഉജ്ജല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 32 ഭരണഘടനാ പരിഹാരങ്ങള്‍ക്കുള്ള അവകാശം ഉറപ്പു നല്കുന്നു. വ്യക്തികള്‍ക്ക് അവരുടെ മൗലികാവകാശ ലംഘനങ്ങള്‍ക്ക് സുപ്രീംകോടതിയില്‍ നിന്ന് പരിഹാരം തേടാന്‍ അനുവാദം നല്‍കുന്നതാണ് ഇത്. ജനങ്ങള്‍ക്ക് അവരുടെ അവകാശങ്ങള്‍ നടപ്പിലാക്കുന്നതിനായി കോടതിയെ നേരിട്ട് സമീപിക്കാന്‍ അനുവദിക്കുന്നുവെന്നും ബെഞ്ച് വ്യക്തമാക്കി. തുടര്‍ന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു ഹര്‍ജി പിന്‍വലിക്കാന്‍ അനുമതി തേടി. ഇഡിക്ക് മൗലികാവകാശങ്ങള്‍ ഉണ്ടെങ്കില്‍ ജനങ്ങളുടെ മൗലികാവകാശത്തെക്കുറിച്ചും ചിന്തിക്കണമെന്നും ബെഞ്ച് പറഞ്ഞു.
ഛത്തീസ്ഗഢിലെ കേസില്‍ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന് അനില്‍ ടുട്ടേജയ്ക്ക് നല്കിയ മുന്‍കൂര്‍ ജാമ്യം ദുരുപയോഗം ചെയ്തുവെന്നായിരുന്നു ഇഡിയുടെ വാദം. കോടിക്കണക്കിന് രൂപയുടെ എന്‍എഎന്‍ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ചില പ്രതികള്‍ക്ക് ശിക്ഷ ലഭിക്കാതിരിക്കാന്‍ ഒരു ഹൈക്കോടതി ജഡ്ജി ഇടപെട്ടിട്ടുണ്ടെന്നും ഇഡി വ്യക്തമാക്കി. കേസ് ഛത്തീസ്ഗഢിന് പുറത്തേയ്ക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടതിന് പുറമേ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പ്രതികള്‍ക്ക് നല്കിയ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നും ഇഡി ആവശ്യപ്പെട്ടു. 2019ലാണ് ഇഡി കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം പരാതി നല്‍കിയത്. 2015 ഫെബ്രുവരിയില്‍ പൊതുവിതരണ സംവിധാനത്തിന്റെ ഫലപ്രദമായ പ്രവര്‍ത്തനം ഉറപ്പാക്കുന്നതിനുള്ള നോഡല്‍ ഏജന്‍സിയായ എന്‍എഎന്നിന്റെ ചില ഓഫീസുകളില്‍ അഴിമതി വിരുദ്ധ ബ്യൂറോ റെയ്ഡ് നടത്തുകയും കണക്കില്‍ പ്പെടാത്ത 3.64 കോടി പിടിച്ചെടുക്കുകയും ചെയ്തു. റെയ്ഡിനിടയില്‍ പിടിച്ചെടുത്ത അരിയുടേയും ഉപ്പിന്റേയും സാമ്പിളുകള്‍ ഗുണനിലവാരമില്ലാത്തതും ഉപയോഗശൂന്യമാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.
Be the first to comment