പതഞ്ജലി കേസ് ഒരാഴ്ചയ്ക്കുള്ളിൽ പരസ്യമാപ്പ് വേണം. ബാബ രാംദേവിനോട് സുപ്രീംകോടതി

പതഞ്ജലി ഉത്പന്നങ്ങളുടെ ഔഷധ ഫലപ്രാപ്തിയെക്കുറിച്ച് വ്യാജപരസ്യം നൽകിയ കേസിൽ വീണ്ടും സുപ്രീംകോടതിയിൽ മാപ്പപേക്ഷിച്ച് പതഞ്‌ജലി സ്ഥാപകരായ ബാബാ രാംദേവും ആചാര്യ ബാലകൃഷ്ണനും. നിങ്ങൾ അത്ര നിഷ്കളങ്കരല്ലെന്നും ക്ഷമ സ്വീകരിക്കുന്നത് ആലോചനയിലാണെന്നും വ്യക്തമാക്കിയ കോടതി ഒരാഴ്ചയ്ക്കുള്ളിൽ പരസ്യമാപ്പ് പറയണമെന്ന് നിർദ്ദേശിച്ചു.

കോടതിയലക്ഷ്യ കേസിൽ ഇരുവരും നേരിട്ട് ഹാജാരായി കുറ്റസമ്മതം നടത്തുകയായിരുന്നു. തെറ്റ് പറ്റിയെന്നും ഇനി ആവർത്തിക്കില്ലെന്നും ബാബാ രാംദേവ് കോടതിയിൽ പറഞ്ഞു. കഴിഞ്ഞ വാദത്തിൽ നിർദ്ദേശങ്ങൾ അവഗണിച്ചതിന് സുപ്രീംകോടതി ഇരുവരെയും ശാസിക്കുകയും അനന്തരഫലങ്ങൾ നേരിടാന്‍ തയ്യാറാക്കാൻ മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. കൂടുതൽ വാദം കേൾക്കുന്നതിനായി ഏപ്രിൽ 23 ന് കോടതി കേസ് വീണ്ടും പരിഗണിക്കും. അന്ന് ഇരുവരും വീണ്ടും ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ജസ്റ്റിസുമാരായ ഹിമ കോഹ്‌ലി, അഹ്‌സനുദ്ദീൻ അമാനുല്ല എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കോടതിയിൽ നേരിട്ടെത്തി മാപ്പ് പറഞ്ഞ രാംദേവും ബാലകൃഷ്‌ണയും പരസ്യമായി മാപ്പ് പറയാൻ തയ്യാറാണെന്നാണ് വ്യക്തമാക്കിയതായി ഇരുവർക്കും വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി പറഞ്ഞു. ഹർജി പരിഗണിക്കവേ ഇരുവരോടും ഇന്ന് നേരിട്ടാണ് ജഡ്ജിമാർ ചോദ്യങ്ങൾ ഉന്നയിച്ചത്.

കോടതി നിർദ്ദേശം ഉണ്ടായിട്ടും നിയമനടപടി ലംഘിച്ചതിനെക്കുറിച്ച് ആരാഞ്ഞ കോടതിയോട് ഗവേഷണം നടത്തിയാണ് മരുന്നുകൾ പുറത്തിറക്കുന്നതെന്നായിരുന്നു രാംദേവിന്റെ മറുപടി. കോടതിയലക്ഷ്യക്കേസിൽ ജയിലിലടക്കാൻ കോടതികൾക്ക് ആകുമെന്നും ജഡ്ജിമാർ മുന്നിറിയിപ്പ് നൽകി.

 

Be the first to comment

Leave a Reply

Your email address will not be published.


*