ആള്‍ക്കൂട്ട കൊലപാതക കേസില്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് വിശദമായ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ സംസ്ഥാനങ്ങളോട് സുപ്രീംകോടതി

ന്യൂഡല്‍ഹി: ആള്‍ക്കൂട്ട കൊലപാതക കേസുകളില്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് വിശദമായ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട് സുപ്രീംകോടതി. നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വിമന്‍ (എന്‍എഫ്‌ഐഡബ്ല്യു) സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിച്ചാണ് ഇതുവരെ പ്രതികരിക്കാത്ത സംസ്ഥാനങ്ങള്‍ ഉടന്‍ വിശദമായ സത്യവാങ്മൂലം നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

എല്ലാ സംസ്ഥാനങ്ങള്‍ക്കും ഇത് സംബന്ധിച്ച് നോട്ടീസ് അയച്ചിരുന്നെങ്കിലും മധ്യപ്രദേശും ഹരിയാനയും മാത്രമാണ് മറുപടി നല്‍കിയത്. ആറാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്നാണ് മറ്റ് സംസ്ഥാനങ്ങളോട് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ജസ്റ്റിസുമാരായ ബിആര്‍ ഗവായ്, അരവിന്ദ് കുമാര്‍, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിര്‍ദ്ദേശം.

തെഹ്സീന്‍ പൂനവല്ല കേസിന്റെ വിധിന്യായത്തില്‍, ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയുന്നത് സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സമഗ്രമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സുപ്രീം കോടതി പുറപ്പെടുവിച്ചിരുന്നു. ഹരിയാനയും മധ്യപ്രദേശും സമര്‍പ്പിച്ച വിവരങ്ങളില്‍ ആള്‍ക്കൂട്ട ആക്രമണങ്ങളെ സാധാരണ സംഭവമായിട്ടാണ് നല്‍കിയിരിക്കുന്നത്. മാത്രമല്ല ഇത്തരം സംഭവങ്ങളില്‍ എന്ത് നടപടിയാണ് സ്വീകരിച്ചിരിക്കുന്നതെന്നതിനും കൃത്യമായ മറുപടി നല്‍കിയിട്ടില്ല. വേനല്‍ക്കാല അവധിക്ക് ശേഷമായിരിക്കും മറ്റ് സംസ്ഥാനങ്ങളുടെ സത്യവാങ്മൂലം കോടതി പരിഗണിക്കുക.

Be the first to comment

Leave a Reply

Your email address will not be published.


*