വിചാരണയില്ലാതെ വ്യക്തികളെ അനിശ്ചിതകാലം തടവില്‍ വയ്ക്കരുത്; ഇ ഡിയോട് സുപ്രീംകോടതി

അറസ്റ്റ് ചെയ്യുന്ന വ്യക്തികളെ അനിശ്ചിതകാലം വിചാരണയില്ലാതെ ജയിലില്‍ വയ്ക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നടപടിയെ വിമര്‍ശിച്ച് സുപ്രീം കോടതി. അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ച് കുറ്റാരോപിതര്‍ക്ക് ജാമ്യം നിഷേധിക്കുന്ന ഇ ഡി നടപടിയെ ആണ് സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചത്. കുറ്റാരോപിതരെ വിചാരണ കൂടാതെ തടങ്കലില്‍ വയ്ക്കുന്നതിന് അന്വേഷണം നീട്ടുന്ന ഇ ഡി തന്ത്രം ശരിയല്ലെന്നായിരുന്നു ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കര്‍ ദത്ത എന്നിവരടങ്ങുന്ന ബെഞ്ചിന്റെ നിലപാട്.

ഝാര്‍ഖണ്ഡിലെ അനധികൃത ഖനനവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ഇടനിലക്കാരന്‍ പ്രേം പ്രകാശ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണങ്ങള്‍. ”കേസുകളില്‍ പ്രതികളാവുന്നവര്‍ക്ക് സ്ഥിര ജാമ്യം നല്‍കുന്നതിന്റെ അര്‍ത്ഥം അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ അറസ്റ്റ് ചെയ്യരുത് എന്നതാണ്. അന്വേഷണം പൂര്‍ത്തിയാകാത്തിടത്തോളം വിചാരണ ആരംഭിക്കില്ലെന്ന് നിങ്ങള്‍ക്ക് പറയാനാവില്ല. അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ച് ദീര്‍ഘകാലം ഒരു വ്യക്തിയെ ജയിലില്‍ അടയ്ക്കാനും കഴിയില്ല. കോടതിയ്ക്ക് മുന്നിലുള്ള കേസിലെ പ്രതി 18 മാസമായി ജയിലില്‍ കഴിയുകയാണ്. ഈ അവസ്ഥ കോടതിയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. നിങ്ങള്‍ ഒരാളെ അറസ്റ്റ് ചെയ്യുന്നുണ്ടെങ്കില്‍ അയാളുടെ വിചാരണ ആരംഭിക്കുന്ന നിലയുണ്ടാകണം”, എന്നും ജ. ഖന്ന വ്യക്തമാക്കി.

സിആര്‍പിസി അനുസരിച്ച് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഒരാള്‍ക്ക് നിര്‍ദിഷ്ട സമയ പരിധിക്കുള്ളില്‍ സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ട്. എന്നാല്‍ പല കേസുകളിലും അന്വേഷണം പൂര്‍ത്തിയായിട്ടില്ലെങ്കിലും സ്വാഭാവിക ജാമ്യം ഒഴിവാക്കാന്‍ അന്വേഷണ ഏജന്‍സികള്‍ അനുബന്ധ കുറ്റപത്രങ്ങള്‍ സമര്‍പ്പിക്കുന്ന നിലയുണ്ടാകുന്നു.

അനിശ്ചിത കാലം തടവില്‍ കഴിഞ്ഞു എന്നത് കണക്കിലെടുത്ത് ജാമ്യം അനുവദിക്കുന്നതിന് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ 45-ാം വകുപ്പ് തടസ്സമാകുന്നില്ല. മനീഷ് സിസോദിയ അറസ്റ്റിലായ ഡല്‍ഹി എക്‌സൈസ് നയ അഴിമതി കേസില്‍ ഈ വിഷയം നേരത്തെ തന്നെ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. അനിശ്ചിത കാല തടവും, വിചാരണ ആരംഭിക്കുന്നതില്‍ അനാവശ്യ കാലതാമസവും കോടതിക്ക് ജാമ്യം നല്‍കുന്നതിനുള്ള കാരണമായി കണക്കാകാം. ഇന്ത്യന്‍ ഭരണഘടന അനുച്ഛേദം 21 പ്രകാരം പൗരന്‍മാര്‍ക്ക് അനുവദിക്കുന്ന വ്യക്തിസ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ പെടുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി.

Be the first to comment

Leave a Reply

Your email address will not be published.


*