നടൻ സിദ്ദിഖിന്റെ ജാമ്യപേക്ഷ പരിഗണിക്കുന്നതിനിടെ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയുടെ വിമർശനം. എട്ടുവർഷത്തോളം എന്ത് ചെയ്യുകയായിരുന്നുവെന്ന് സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകയോട് സുപ്രീംകോടതി ചോദിച്ചു. സംസ്ഥാന സർക്കാരിന് സുപ്രീംകോടതി നോട്ടീസ് നൽകി.
കാലതാമസം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിശദീകരണം ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്.പരാതി നൽകാൻ കാലതാമസമുണ്ടായെന്ന വാദം കണക്കിലെടുത്താണ് സംസ്ഥാന സർക്കാരിനോട് കോടതി വിശദീകരണം തേടിയിരിക്കുന്നത്. ഹർജിയിൽ സിദ്ദിഖിന്റെ അറസ്റ്റ് കോടതി തടഞ്ഞു. ട്രയൽ കോടതി നടപടികളും അന്വേഷണവും പുരോഗമിക്കട്ടെ എന്ന് സുപ്രീംകോടതി നിർദേശിച്ചു.
രണ്ടാഴ്ചയ്ക്ക് കേസ് വീണ്ടും പരിഗണിക്കും. ഈ കാലയളവിൽ അറസ്റ്റ് പാടില്ലെന്ന് സുപ്രീംകോടതി നിർദേശിച്ചു. സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി നിർദേശം നൽകി. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് വന്ന സാഹചര്യത്തിലാണ് പരാതി ഇപ്പോൾ നൽകിയതെന്ന് സംസ്ഥാന സർക്കാരും അതിജീവിതയും വ്യക്തമാക്കി.
അതേസമയം 29 കേസുകൾ പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുന്നുവെന്ന് സർക്കാരിന്റെ അഭിഭാഷക സുപ്രീംകോടതിയെ അറിയിച്ചു. ജസ്റ്റിസ് ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശർമ്മ എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
Be the first to comment