നീറ്റ് യുജി: നഗരാടിസ്ഥാനത്തില്‍ ഫലം പ്രസിദ്ധീകരിക്കാന്‍ സുപ്രീം കോടതി നിര്‍ദേശം; വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ മറയ്ക്കും

ന്യൂഡല്‍ഹി: അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷ (നീറ്റ് യുജി)യുടെ ഫലം നഗരാടിസ്ഥാനത്തിലും പരീക്ഷാ കേന്ദ്രത്തിന്റെ അടിസ്ഥാനത്തിലും വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിക്ക് (എന്‍ടിഎ) സുപ്രീം കോടതി നിര്‍ദേശം. ശനിയാഴ്ച ഉച്ചയ്ക്കു 12നു മുമ്പ് ഫലം പ്രസിദ്ധീകരിക്കണമെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ഉത്തരവിട്ടു.

ഫലം പ്രസിദ്ധീകരിക്കുമ്പോള്‍ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ഒഴിവാക്കണമെന്ന് കോടതി നിര്‍ദേശിച്ചു. നാളെ അഞ്ചിനകം ഫലം പ്രസിദ്ധീകരിക്കാനാണ് കോടതി ആദ്യം നിര്‍ദേശിച്ചത്. എന്‍ടിഎ ആവശ്യപ്പെട്ടത് അനുസരിച്ച് സമയം നീട്ടി ന്ല്‍കുകയായിരുന്നു. നീറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് കോടതി 22ലേക്കു മാറ്റി.

പരീക്ഷയുടെ മുഴുവന്‍ പവിത്രതയെയും ബാധിച്ചെന്നു ബോധ്യപ്പെട്ടാല്‍ മാത്രമേ, പുനപ്പരീക്ഷയ്ക്ക് ഉത്തരവിടാനാവൂ എന്ന് സുപ്രീം കോടതി രാവിലെ വ്യക്തമാക്കിയിരുന്നു. നീറ്റ് യുജി കേസിലെ വിധിക്കു സാമൂഹ്യമായ പ്രത്യാഘാതങ്ങളുണ്ടെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. ലക്ഷക്കണക്കിനു കുട്ടികള്‍ കേസിന്റെ തീര്‍പ്പിനു കാത്തിരിക്കുകയാണെന്ന്, വാദം തുടങ്ങും മുമ്പ് ബെഞ്ച് പറഞ്ഞു.

മുഴുവന്‍ പരീക്ഷയെയും ചോദ്യച്ചോര്‍ച്ച ബാധിച്ചോയെന്ന്, പുനപ്പരീക്ഷ ആവശ്യപ്പെട്ട ഹര്‍ജിക്കാരോട് കോടതി ആരാഞ്ഞു. അത്തരത്തില്‍ ബോധ്യപ്പെട്ടാല്‍ മാത്രമേ പുനപ്പരീക്ഷയ്ക്ക് ഉത്തരവിടാനാവൂവെന്ന് കോടതി വ്യക്തമാക്കി.

നീറ്റില്‍ ക്രമക്കേടു നടന്നെന്നും പരീക്ഷ റദ്ദാക്കി വീണ്ടും നടത്തണമെന്നും ആവശ്യപ്പെട്ടുള്ള ഒരു കൂട്ടം ഹര്‍ജികളാണ് സുപ്രീം കോടതിയുടെ പരിഗണനയില്‍ ഉള്ളത്. പരീക്ഷ റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ടും ഏതാനും ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. ഇതിനൊപ്പം വിവിധ ഹൈക്കോടതികളിലുള്ള ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്കു മാറ്റണമെന്ന നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ ഹര്‍ജികളും പരിഗണിക്കുന്നുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*