ഡൽഹിയിൽ‌ ഭരണപരമായ അധികാരം സംസ്ഥാന സർക്കാരിനെന്ന് സുപ്രീം കോടതി; കേന്ദ്രത്തിന് തിരിച്ചടി

ന്യൂഡൽഹി:  കേന്ദ്രസർക്കാരുമായുള്ള ഏറ്റുമുട്ടലിനിടെ, ഡൽഹിയിൽ ഭരണപരമായ അധികാരം ഡൽഹി സർക്കാരിനെന്ന സുപ്രധാന വിധിയുമായി സുപ്രീം കോടതി. പൊലീസ്, ലാൻഡ്, പബ്ലിക് ഓർഡർ എന്നിവ ഒഴിച്ചുള്ള അധികാരങ്ങൾ സംസ്ഥാനത്തിനാണെന്ന് സുപ്രീം കോടതി വിധിച്ചു. ഡൽഹിയിലെ ഭരണ നിർവഹണം സംബന്ധിച്ച് അരവിന്ദ് കേജ്രിവാൾ സർക്കാരും ലഫ്റ്റ്നന്റ് ഗവർണറും തമ്മിൽ വർഷങ്ങളായി തുടരുന്ന തർക്കത്തിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ നിർണായക വിധി.

ലഫ്റ്റനന്റ് ഗവർണറെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ ഡൽഹിയിലെ ഉദ്യോഗസ്ഥരെ നിയന്ത്രിക്കുകയാണെന്ന് ആരോപിച്ച് ഡൽഹി സർക്കാരാണ് കോടതിയെ സമീപിച്ചത്. ഐഎഎസ് ഓഫിസർമാരുരെട നിയമനം റദ്ദാക്കി, നിർണായകമായ ഫയലുകൾ സമയബന്ധിതമായി തീർപ്പാക്കുന്നില്ല, അടിസ്ഥാനപരമായ ഭരണകാര്യങ്ങളിൽ തീരുമാനങ്ങളെടുക്കുന്നത് തടയുന്നു തുടങ്ങിയ വാദങ്ങളും ഡൽഹി സർക്കാർ കോടതിക്കു മുന്നിൽ നിരത്തി.

ഡൽഹിയുടെ യഥാർഥ അധികാരം തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനാണെന്ന് 2019ലും സുപ്രീം കോടതി വിധിച്ചിരുന്നു. രാജ്യതലസ്ഥാനത്തിന്റെ ഭരണത്തലവൻ ലഫ്റ്റനന്റ് ഗവർണറാണെന്ന ഹൈക്കോടതി വിധിക്കെതിരെ ആംആദ്മി പാർട്ടി നൽകിയ കേസിലാണ്, അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധി പറഞ്ഞത്. ലഫ്റ്റനന്റ് ഗവർണറെക്കാൾ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനാണ് കൂടുതൽ അധികാരമെന്ന് വ്യക്തമാക്കിയ കോടതി, പൊതു ഉത്തരവുകൾ, പൊലീസ്, ഭൂമി എന്നിവയിൽ മാത്രമായി ലഫ്.ഗവർണറുടെ അധികാരം പരിമിതപ്പെടുത്തി. മന്ത്രിസഭയുടെ ഉപദേശപ്രകാരം വേണം ലഫ്. ഗവർണർ പ്രവർത്തിക്കാനെന്നും നിർദ്ദേശിച്ചിരുന്നു.

 

Be the first to comment

Leave a Reply

Your email address will not be published.


*