സത്യവാചകം ചൊല്ലി നല്‍കിയില്ല; തമിഴ്‌നാട് ഗവര്‍ണര്‍ക്ക് സുപ്രീം കോടതിയുടെ അന്ത്യശാസനം

ഡിഎംകെ നേതാവ് കെ പൊന്‍മുടിയെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യിക്കാന്‍ വിസമ്മതിച്ച തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവിക്ക് സുപ്രീം കോടതിയില്‍ തിരിച്ചടി. പൊന്‍മുടിക്ക് 24 മണിക്കൂറിനുള്ളില്‍ സത്യവാചകം ചൊല്ലിക്കൊടുക്കണമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അന്ത്യശാസനം നല്‍കി. ഗവര്‍ണറുടെ നടപടിക്ക് എതിരെ തമിഴ്‌നാട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി നടപടി.

24 മണിക്കുറൂനുള്ളില്‍ സത്യവാചകം ചൊല്ലി നല്‍കിയില്ലെങ്കില്‍ ഉത്തരവ് പുറപ്പെടുവിക്കേണ്ടിവരുമെന്നും ജസ്റ്റിസുമാരായ ജെ ബി പരീദ്‌വാല, മനോജ് മിശ്ര എന്നിവര്‍കൂടി അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ പൊന്‍മുടിക്ക് എതിരായ ശിക്ഷ സുപ്രീംകോടതി സ്‌റ്റേ ചെയ്തതാണെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. ഗവര്‍ണര്‍ ഭരണഘടന പാലിക്കുന്നില്ലെങ്കില്‍ സര്‍ക്കാര്‍ എന്തു ചെയ്യും?.

തമിഴ്‌നാട് ഗവര്‍ണറുടെ പെരുമാറ്റത്തില്‍ കോടതിക്ക് ഗൗരവമായ ആശങ്കയുണ്ട്. ഇത്തരം നീക്കങ്ങള്‍ നടത്താന്‍ ഗവര്‍ണര്‍ക്ക് ഒരു അവകാശവുമില്ല. അദ്ദേഹം സുപ്രീംകോടതിയെ മറികടക്കുകയാണ്. ഞങ്ങള്‍ വിഷയം നിരീക്ഷിക്കും. നാളെ ഞങ്ങള്‍ തീരുമാനമെടക്കും”, ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു. ഗവര്‍ണര്‍ സുപ്രീകോടതിയെ ധിക്കരിക്കുകയാണെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.

ഗവര്‍ണര്‍ക്ക് ഉപദേശം നല്‍കുന്നവര്‍ അദ്ദേഹത്തിന് കൃത്യമായ ഉപദേശമല്ല നല്‍കുന്നതെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. ” എനിക്ക് മന്ത്രിയെ കുറിച്ച് വ്യത്യസ്തമായ കാഴ്ച്ചാടുണ്ടാകാം. പക്ഷേ നമുക്ക് ഭരണഘടന അനുസരിച്ചാണ് മുന്നോട്ടുപോകേണ്ടത്. ഒരു വ്യക്തിയെ മന്ത്രിയായി നിയമിക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയാല്‍, പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ ഭാഗമായി ഗവര്‍ണര്‍ അത് നടപ്പാക്കണം”, ചീഫ് ജസ്റ്റിസ് പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*