സര്‍ക്കാര്‍ ജോലി: നിയമന പ്രക്രിയ തുടങ്ങിയ ശേഷം മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തരുതെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ജോലികളിലേക്കുള്ള നിയമന പ്രക്രിയ തുടങ്ങിയ ശേഷം മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തരുതെന്ന് സുപ്രീം കോടതി. ഇത്തരത്തില്‍ മാറ്റം വരുത്തുന്നുണ്ടെങ്കില്‍ അക്കാര്യം നേരത്തെ വ്യക്തമാക്കണമെന്നും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച് ഉത്തരവിട്ടു.

മാനദണ്ഡങ്ങള്‍ നിയമന പ്രക്രിയ തുടങ്ങും മുമ്പ് നിശ്ചയിച്ചതു തന്നെയാവണം. കളിക്കു മുമ്പാവണം നിയമങ്ങള്‍ നിശ്ചയിക്കേണ്ടതെന്ന് കോടതി പറഞ്ഞു. ഇടയ്ക്കു വച്ച് അതു മാറ്റരുത്.

നിയമന ചട്ടങ്ങള്‍ ഏകപക്ഷീയമാവരുത്. അത് ഭരണഘടനയുടെ അനുച്ഛേദം 14 അനുസരിച്ചാവണമെന്ന് കോടതി നിര്‍ദേശിച്ചു. സുതാര്യതയും വിവേചനമില്ലായ്മയും സര്‍ക്കാര്‍ നിയമനങ്ങളുടെ മകുടങ്ങളാവണം. നിയമനത്തിന്റെ ഇടയ്ക്കു വച്ച് മാനദണ്ഡം മാറ്റി ഉദ്യോഗാര്‍ഥികളെ അമ്പരപ്പിക്കരുതെന്ന് കോടതി പറഞ്ഞു.

ചീഫ് ജസ്റ്റിസിനു പുറമേ ജസ്റ്റിസുമാരായ ഋഷികേശ് റോയി, പിഎസ് നരസിംഹ, പങ്കജ് മിത്തല്‍, മനോജ് മിശ്ര എന്നിവരായിരുന്നു ബെഞ്ചിലെ അംഗങ്ങള്‍.

Be the first to comment

Leave a Reply

Your email address will not be published.


*