ന്യൂഡൽഹി: ചണ്ഡിഖഡ് മേയർ തെരഞ്ഞെടുപ്പിൽ വീണ്ടും വോട്ടെണ്ണൽ നടത്തണമെന്ന് ഉത്തരവിട്ട് സുപ്രീംകോടതി. അസാധുവെന്ന് രേഖപ്പെടുത്തിയ വോട്ടുകൾ സാധുവായി കണക്കാക്കണമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ്മാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ച് ഉത്തരവിട്ടിട്ടുണ്ട്. ഇതോടെ മേയർ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി- കോൺഗ്രസ് സഖ്യത്തിന് വിജയം ഉറപ്പായി. 20 അംഗങ്ങളുള്ള കോൺഗ്രസ്- എഎപി സഖ്യത്തിനു ലഭിച്ച എട്ടു വോട്ടുകൾ അസാധുവെന്ന് രേഖപ്പെടുത്തിയതിനെത്തുടർന്ന് 16 വോട്ടുകൾക്കാണ് ബിജെപി തെരഞ്ഞെടുപ്പിൽ വിജയിച്ചത്. വിധി ബിജെപിക്ക് പ്രതികൂലമായതോടെ എഎപി- കോൺഗ്രസ് സഖ്യം വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലേറുമെന്ന് ഉറപ്പായി.
റിട്ടേണിങ് ഓഫിസർ അനിൽ മാസി വോട്ടെണ്ണലിൽ കൃത്രിമം കാണിച്ചുവെന്നാരോപിച്ച് എഎപി സ്ഥാനാർഥി കുൽദീപ് കുമാർ നൽകിയ ഹർജിയിലാണ് വിധി. ബാലറ്റ് പേപ്പറുകളും വിഡിയോ റെക്കോഡിങ്ങുകളും കോടതി നേരിട്ട് പരിശോധിച്ചിരുന്നു. മേയർ തെരഞ്ഞെടുപ്പിൽ എഎപി- കോൺഗ്രസ് സ്ഥാനാർഥിയെ പരാജയപ്പെടുത്തി ബിജെപി സ്ഥാനാർഥി മനോജ് സോങ്കറാണ് ജയിച്ചത്.
സഖ്യത്തിന് 12 വോട്ടുകളാണ് ലഭിച്ചിരുന്നത്. വോട്ടു രേഖപ്പെടുത്തിയ എട്ടു ബാലറ്റുകൾ റിട്ടേണിങ് ഓഫിസർ അസാധുവാക്കിയതാണ് സഖ്യത്തിന് തിരിച്ചടിയായത്. ഇതോടെയാണ് എഎപി- കോൺഗ്രസ് സഖ്യം കോടതിയെ സമീപിച്ചത്. ഇതോടെ സഖ്യത്തിന് 20 വോട്ടുകൾ ലഭിക്കും. ജനുവരി 30നാണ് ചണ്ഡിഗഡിൽ മേയർ തെരഞ്ഞെടുപ്പു നടന്നത്.
Be the first to comment