കേന്ദ്രത്തിന് തിരിച്ചടി; ഇ ഡി ഡയറക്ടർ എസ് കെ മിശ്രയുടെ കാലാവധി നീട്ടിയത് സുപ്രീംകോടതി റദ്ദാക്കി

എന്‍ഫോഴ്‌സ്‌മെന്‌റ് ഡയറക്ടറേറ്റ് മേധാവി നിയമനത്തില്‍ കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി. ഇ ഡി ഡയറക്ടര്‍ സഞ്ജയ് കുമാര്‍ മിശ്രയുടെ കാലാവധി ആവര്‍ത്തിച്ച് നീട്ടിയ നടപടി സുപ്രീംകോടതി റദ്ദാക്കി. നടപടി നിയമവിരുദ്ധമെന്ന് വ്യക്തമാക്കിയ കോടതി ഈ മാസം 31 വരെ പദവിയിൽ തുടരാൻ എസ് കെ മിശ്രയ്ക്ക് അനുമതിയും നൽകി.

ബി ആര്‍ ഗവായ്, വിക്രം നാഥ്, സഞ്ജയ് കരോള്‍ എന്നിവര്‍ അടങ്ങിയ മൂന്നംഗ ബെഞ്ചിന്‌റെതാണ് ഉത്തരവ്. നവംബര്‍ 2021 ന് ശേഷം എസ് കെ മിശ്രയ്ക്ക് പദവി നീട്ടി നല്‍കരുതെന്ന 2021 ലെ സുപ്രീംകോടതി ഉത്തരവിന്‌റെ ലംഘനമാണ് സര്‍ക്കാര്‍ നടപടിയെന്ന് കോടതി വ്യക്തമാക്കി. എന്നാൽ കേന്ദ്രത്തിന്റെ അഭ്യർത്ഥന മാനിച്ച് ജൂലൈ 31 വരെ എസ് കെ മിശ്രയെ പദവിയില്‍ തുടരാന്‍ കോടതി അനുവദിച്ചു.

2018 നവംബറിലാണ് രണ്ട് വര്‍ഷത്തേക്ക് എസ് കെ മിശ്രയെ ഇ ഡി ഡയറക്ടറായി നിയമിച്ചത്. ഇതുപ്രകാരം 2020 നവംബറില്‍ കാലാവധി പൂര്‍ത്തിയായി. 2020 മെയില്‍ വിരമിക്കല്‍ പ്രായമായ 60 വയസ് പൂര്‍ത്തിയായ എസ് കെ മിശ്രയ്ക്ക് കേന്ദ്രം ഒരു വര്‍ഷത്തേക്ക് കാലാവധി നീട്ടി നല്‍കി. 2018 ലെ നിയമന ഉത്തരവില്‍ രണ്ട് വര്‍ഷമെന്നത് മൂന്ന് വര്‍ഷമെന്ന് പുതുക്കിയാണ് കാലാവധി നീട്ടി നല്‍കിയത്. ഈ നടപടി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു 2021 ലെ കോടതി ഉത്തരവ്. 2021 നവംബറിന് ശേഷം കാലാവധി നീട്ടരുതെന്നായിരുന്നു കോടതി നിര്‍ദേശം.

2021 ലെ സുപ്രീം കോടതി ഉത്തരവിന് പിന്നാലെ സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍ നിയമത്തില്‍ കേന്ദ്രം ഭേദഗതി വരുത്തിയിരുന്നു. ഇ ഡി ഡയറക്ടറുടെ കാലാവധി അഞ്ച് വര്‍ഷം വരെ നീട്ടി നല്‍കാന്‍ ഇതോടെ സര്‍ക്കാരിന് അധികാരം ലഭിച്ചു. ഇതിനെതിരെ എട്ടോളം പൊതുതാത്പര്യ ഹര്‍ജികളാണ് കോടതിയിലെത്തിയത്. പിന്നാലെ കാലാവധി വീണ്ടും നീട്ടുകയായിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*