
കാമുകനെ കഷായത്തില്‍ വിഷം കൊടുത്ത് കൊന്ന കേസിലെ പ്രതി ഗ്രീഷ്മയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി. കാമുകനായിരുന്ന ഷാരോണിനെ കൊന്ന കേസിന്‍റെ വിചാരണ നെയ്യാറ്റിൻകരയിൽ നിന്ന് നാഗർകോവിലിലേക്ക് മാറ്റണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് തള്ളിയത്.
കുറ്റകൃത്യം നടന്ന സ്ഥലം തമിഴ്നാട്ടിലെന്ന് പൊലീസ് പറയുന്നതിനാൽ വിചാരണ മാറ്റണം എന്നായിരുന്നു ഗ്രീഷ്മയുടെ വാദം. കുറ്റപത്രം സ്വീകരിച്ചതിനെതിരെ വിചാരണ കോടതിയെ വീണ്ടും സമീപിക്കാൻ ഹൈക്കോടതി നേരത്തെ നിർദ്ദേശം നല്‍കിയിരുന്നു. ഈ സാഹചര്യത്തിൽ ട്രാൻസ്ഫർ ഹർജിയിൽ ഇടപെടുന്നത് ശരിയല്ലെന്ന് വ്യക്തമാക്കിയാണ് സുപ്രീംകോടതി ഹര്‍ജി തള്ളിയത്.
ഗ്രീഷ്മക്കൊപ്പം മറ്റുപ്രതികളായ അമ്മയും അമ്മാവനും ഹർജികൾ നല്‍കിയിരുന്നു. നിലവിൽ കേരളത്തിൽ നടക്കുന്ന വിചാരണ നാഗര്‍കോവില്‍ കന്യാകുമാരിലെ ജെഎംഎഫ് സി കോടതിയിലേക്ക് മാറ്റണമെന്നാണ് ആവശ്യം. കന്യാകുമാരി ജില്ലയിലെ പൂമ്പള്ളിക്കോണത്താണ് പ്രതികളുടെ വീട്. സംഭവം നടന്നത് തമിഴ്നാട്ടിലായതിനാൽ വിചാരണയും അവിടെ നടത്തണമെന്നാണ് ഹർജിയിലെ ആവശ്യം. അഭിഭാഷകൻ ശ്രീറാം പാറക്കാട്ടാണ് പ്രതികള്‍ക്കായി ഹർജി സമർപ്പിച്ചിരുന്നത്. നിലവിൽ നെയ്യാറ്റികര അഡീഷണൽ സെഷൻസ് കോടതിയിലാണ് നടപടികൾ പുരോഗമിക്കുന്നത്.
Be the first to comment