
വിദേശിയുടെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ ഒരു പൗരനും അവകാശമില്ലെന്ന് സുപ്രീം കോടതി. തങ്ങളുടെ ആത്മീയ ഗുരു ഹസ്രത്ത് ഷായുടെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സൂഫി ദര്‍ഗ സമർപ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. ഇന്ത്യയില്‍ ജനിച്ച ഹസ്രത്ത് ഷാ 1992ല്‍ പാകിസ്താന്‍ പൗരത്വം സ്വീകരിക്കുകയായിരുന്നു.
2022ല്‍ ബംഗ്ലാദേശിലെ ധാക്കയില്‍ മരിച്ച അദ്ദേഹത്തിന്റെ മൃതദേഹം ഇന്ത്യയിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടാണ് സൂഫി ദര്‍ഗ സുപ്രീം കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ജസ്റ്റിസ് ജെബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
ഹസ്രത്ത് ഷായ്ക്ക് പ്രയാഗ്‌രാജില്‍ ബന്ധുക്കളുണ്ടെന്നും ദര്‍ഗയുടെ പരിസരത്ത് സംസ്‌കരിക്കണമെന്ന അദ്ദേഹത്തിന്റെ അവസാനത്തെ ആഗ്രഹം നിറവേറ്റാന്‍ അവര്‍ക്ക് ആഗ്രഹമുണ്ടെന്നും ഹര്‍ജിക്കാര്‍ക്ക് വേണ്ടി അഡ്വ. അരുന്ധതി കട്ജു വാദിച്ചു. 2021 മാര്‍ച്ച് എട്ടിന് ഹസ്രത്ത് ഷാ തന്നെ പൂര്‍വികരുടെ കല്ലറയ്ക്ക് സമീപം സംസ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് വില്‍പ്പത്രം തയാറാക്കിയതായും ഹര്‍ജിക്കാര്‍ വാദിച്ചു. കൂടാതെ ധാക്കയിലെ നിലവിലെ ശവകുടീരം പരിപാലിക്കപ്പെടാത്തതും വൃത്തിഹീനവുമാണെന്നും അരുന്ധതി പറഞ്ഞു.
എന്നാല്‍ അനുച്ഛേദം 32 പ്രകാരം ഈ ഹര്‍ജി പരിഗണിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് നിരീക്ഷിച്ച് സുപ്രീം കോടതി ഹര്‍ജി തള്ളുകയായിരുന്നു. ”ഹസ്രത്ത് ഷാ പാകിസ്താന്‍ പൗരത്വം സ്വീകരിച്ചിരുന്നു. ധാക്കയില്‍ നിന്നും ഇന്ത്യയിലേക്ക് അദ്ദേഹത്തിന്റെ മൃതദേഹം കൊണ്ടുവരണമെന്ന ഹര്‍ജിക്കാരുടെ വാദത്തിന് ഭരണഘടനാപരമായ അവകാശമില്ല”, സുപ്രീം കോടതി നിരീക്ഷിച്ചു.
Be the first to comment