തെരഞ്ഞെടുപ്പ് വേളയിൽ എല്ലാ ജംഗമസ്വത്തും സ്ഥാനാർത്ഥി പരസ്യപ്പെടുത്തേണ്ടതില്ലെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് വേളയിൽ സ്ഥാനാർത്ഥികൾ അവരുടെ മുഴുവൻ സ്വത്ത് വിവരങ്ങളും വെളിപ്പെടുത്തേണ്ടതില്ലെന്ന് സുപ്രീംകോടതി. വലിയ അളവിലുള്ള സ്വത്തുക്കൾക്കപ്പുറം കൈമാറാൻ സാധിക്കുന്ന (ജംഗമ) സ്വത്തുക്കളുടെ വിവരങ്ങൾ സ്ഥാനാർത്ഥികൾ സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തണമെന്നതില്‍ നിർബന്ധമില്ലെന്നാണ് സുപ്രീംകോടതിയുടെ നിലപാട്. അരുണാചൽ പ്രദേശിലെ തേസു മണ്ഡലത്തിൽ നിന്ന് ജയിച്ച എംഎൽഎ കരിഖോ കെറിയുടെ തെരഞ്ഞെടുപ്പ് വിജയം സ്വത്തുക്കൾ വെളിപ്പെടുത്താത്തതിനാൽ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹര്‍ജിയിലായിരുന്നു കോടതിയുടെ പ്രതികരണം. എംഎൽഎ സ്ഥാനത്ത് അദ്ദേഹത്തിന് തുടരാനുള്ള അവകാശമുണ്ടെന്നാണ് കോടതി പറയുന്നത്.

ജസ്റ്റിസുമാരായ അനിരുദ്ധ് ബോസും സഞ്ജയ്കുമാറുമുൾപ്പെടുന്ന ബെഞ്ചാണ് കരിഖോ ക്രിയുടെ തെരഞ്ഞെടുപ്പ് റദ്ദുചെയ്തുകൊണ്ടുള്ള ഗുവാഹത്തി ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കിയത്. കരിഖോ ക്രി തൻ്റെ ഭാര്യയുടെ പേരിലുള്ള മൂന്നു വാഹനങ്ങളുടെ കാര്യം തൻ്റെ സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ നൽകിയില്ല എന്നുന്നയിച്ചാണ് എംഎൽഎ സ്ഥാനം റദ്ദാക്കണമെന്ന ആവശ്യവുമായി ഹർജി സമർപ്പിക്കപ്പെട്ടത്.

നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുമ്പ് സമ്മാനമായിമറ്റാർക്കെങ്കിലും നൽകുകയോ വിൽക്കുകയോ ചെയ്ത വസ്തുക്കൾ ഒരാളുടെ സമ്പാദ്യമായി ആരോപിക്കാൻ കഴിയില്ല എന്നാണ് കോടതി നിരീക്ഷണം. പ്രത്യേകിച്ച് വാഹനംപോലുള്ള കൈമാറാൻ സാധിക്കുന്ന വസ്തുക്കൾ. അതുകൊണ്ടുതന്നെ മൂന്നു വാഹനങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ വെളിപ്പെടുത്താത്തത് എംഎൽഎ സ്ഥാനം റദ്ദു ചെയ്യാനുള്ള കാരണമല്ലെന്ന് കോടതി പറഞ്ഞു.

ജനപ്രാതിനിധ്യ നിയമം അനുച്ഛേദം 123 (2) പ്രകാരം ഇത് സ്വത്ത് മറച്ചുവയ്ക്കലായി കണക്കാക്കാൻ സാധിക്കില്ലെന്നാണ് കോടതി പറഞ്ഞത്. സ്ഥാനാർത്ഥികൾ അവരുടെ ജീവിതം പൂർണ്ണമായും വോട്ടർമാരുടെ മുന്നിൽ തുറന്നുകാണിക്കേണ്ടതില്ല എന്നും കോടതി അഭിപ്രായപ്പെട്ടു.

Be the first to comment

Leave a Reply

Your email address will not be published.


*