തിരഞ്ഞെടുപ്പ് നിയന്ത്രിക്കാനുള്ള അധികാരമില്ല’; വിവി പാറ്റ് കേസിൽ സുപ്രീം കോടതി വിധി പറയാൻ മാറ്റി

തിരഞ്ഞെടുപ്പ് നിയന്ത്രിക്കാനുള്ള അധികാരം തങ്ങൾക്കില്ലെന്നും ഭരണഘടനാപരമായ അതോറിറ്റിയായ തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ പ്രവർത്തനം നിയന്ത്രിക്കാനാവില്ലെന്നും സുപ്രീം കോടതി. വിവിപാറ്റ് സംവിധാനം വഴിയുള്ള പേപ്പർ സ്ലിപ്പുകൾ ഉപയോഗിച്ച് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ (ഇവിഎം) രേഖപ്പെടുത്തിയ വോട്ടുകൾ സമഗ്രമായി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളിൽ വാദം കേൾക്കുന്നതിനിടെയാണ് പരാമർശം.

കേസ് കോടതി വിധി പറയാൻ മാറ്റി. കേവലം സംശയത്തിൻ്റെ പേരിൽ പ്രവർത്തിക്കാനാവില്ലെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ദീപങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. വിവിപാറ്റ് മെഷീനുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി ചോദിച്ച ചോദ്യങ്ങൾക്ക് കമ്മീഷൻ മറുപടി നൽകി. സിയു, ബിയു, വിവിപാറ്റ് എന്നീ മൂന്ന് യൂണിറ്റുകള്‍ക്കും അവയുടേതായ മൈക്രോ കണ്‍ട്രോളറുകളുണ്ട്.

ഈ മൈക്രോകണ്‍ട്രോളറുകള്‍ ഇവയില്‍തന്നെ സ്ഥാപിച്ചിട്ടുണ്ട്. ഇവയെ പുറമേ നിന്ന് ആക്സസ് ചെയ്യാന്‍ സാധ്യമല്ല. എല്ലാ മൈക്രോകണ്‍ട്രോളറുകളും ഒറ്റത്തവണ പ്രോഗ്രാമബിള്‍ ആണ്. ഇവയെ മാറ്റാന്‍ സാധിക്കില്ല. ഇസിഐഎല്ലിന് 1400 എസ്എല്‍യുകളും ബിഎച്ച്ഇഎല്ലിന് 3400 എസ്എല്‍യുകളുമുണ്ട്. എല്ലാ മെഷീനുകളിലും വിവരങ്ങള്‍ 45 ദിവസത്തേക്ക് സൂക്ഷിച്ചുവയ്ക്കുന്നു. 46-ാം ദിവസം ഏതെങ്കിലും തിരഞ്ഞെടുപ്പ് ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ടോ എന്നറിയാന്‍ ബന്ധപ്പെട്ട ഹൈക്കോടതികളുടെ രജിസ്ട്രാര്‍ക്ക് സിഇഒ കത്തെഴുതും.

ഹര്‍ജി ഫയല്‍ ചെയ്തെന്ന് അറിയിച്ചാൽ മെഷീനുകളിലെ വിവരങ്ങൾ വീണ്ടും സൂക്ഷിച്ചുവെയ്ക്കും. പോളിങ്ങിനുശേഷം മൂന്നും (ബിയു, സിയു, വിവിപാറ്റ്) സീല്‍ ചെയ്യും എന്നും കോടതി ചോദിച്ച വിവിധ ചോദ്യങ്ങൾക്ക് കമ്മീഷൻ കോടതിയിൽ മറുപടി നൽകി. മൈക്രോ കണ്‍ട്രോളര്‍ കണ്‍ട്രോളിങ് യൂണിറ്റിലാണോ വിവിപാറ്റിലാണോ നിലവിലുള്ളത്? മൈക്രോ കണ്‍ട്രോളര്‍ ഒറ്റത്തവണയാണോ പ്രോഗ്രാം ചെയ്യുന്നത്? ചിഹ്നം ലോഡ് ചെയ്യുന്നതിന് യൂണിറ്റുകള്‍ എത്ര? കണ്‍ട്രോള്‍ യൂണിറ്റും വിവിപാറ്റും സീല്‍ ചെയ്യുന്നുണ്ടോ? ഇവിഎമ്മിലെ ഡേറ്റ 45 ദിവസത്തില്‍ കൂടുതല്‍ സൂക്ഷിക്കേണ്ടതുണ്ടോ? തുടങ്ങിയ സാങ്കേതിക കാര്യങ്ങളിലാണ് കോടതി വ്യക്തത ആവശ്യപ്പെട്ടത്.

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനു (ഇവിഎം) കളുടെയും വോട്ടര്‍ വെരിഫയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയലിൻ്റെയും (വിവിപാറ്റ്) പ്രവര്‍ത്തനരീതിയും സുരക്ഷയും സംബന്ധിച്ച് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായി സംവദിച്ചിരുന്നു. ഒരു സാഹചര്യത്തിലും ഇവിഎമ്മില്‍ കൃത്രിമം കാണിക്കാനാകില്ലെന്നും വിവിപാറ്റുകള്‍ പൂര്‍ണമായി എണ്ണുക പ്രായോഗികമായ സാധ്യമല്ലെന്നും ഉദ്യോഗസ്ഥര്‍ നേരത്തെ കോടതിയെ ബോധിപ്പിച്ചിരുന്നു. നിലവില്‍ ഓരോ നിയമസഭാ മണ്ഡലത്തിലെയും അഞ്ച് ബൂത്തുകളില്‍ നിന്നുള്ള വിവിപാറ്റുകളാണ് എണ്ണുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*